print edition തൃണമൂലിൽ കലാപം

സുവേന്ദു അധികാരിയുടെ പിഎ ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട സ്ഥലത്ത് സിഐഡി ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തുന്നു
ന്യൂഡൽഹി: പശ്‌ചിമബംഗാൾ തെരഞ്ഞെടുപ്പിലെ കനത്തതിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ കലാപം. പാർടിയിലെ ചില പ്രമുഖർ പിന്നിൽനിന്ന് കുത്തിയതായി മമതാ ബാനർജി ആരോപിച്ചു. കനത്തതോൽവിയുടെ ഉത്തരവാദികളെ കണ്ടെത്താൻ അന്വേഷണകമീഷൻ രൂപീകരിച്ചു.
അതേസമയം ഫലപഖ്യാപനത്തിന് ശേഷം മമത വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗത്തിൽനിന്ന് ഒന്പത് പേർ വിട്ടുനിന്നത് വലിയ ചർച്ചകൾക്കിടയാക്കി. കാളിഘട്ടിലെ മമതയുടെ വീട്ടിൽ വിളിച്ച യോഗത്തിൽ 71 എംഎൽഎമാരാണ് പങ്കെടുത്തത്.
‘ ഒപ്പമുണ്ടായവരിൽ ചിലരാണ് അട്ടിമറിക്ക് കൂട്ടുനിന്നതെന്ന രീതിയിൽ ആരോപണങ്ങളുണ്ട്. എല്ലാ ആരോപണങ്ങളെ കുറിച്ചും വിശദമായി അന്വേഷിക്കും. കർശനനടപടികളുണ്ടാകും’– യോഗത്തിൽ മമത പറഞ്ഞു. തൃണമൂൽകോൺഗ്രസിലെ മുതിർന്ന നേതാക്കളായ ഡെറിക് ഒബ്രിയൻ, ഫിർഹാദ് ഹക്കീം, ചന്ദ്രിമാ ഭട്ടാചാര്യ, അസിമാപത്ര എന്നിവർ അംഗങ്ങളായ അച്ചടക്കസമിതിയാണ് അന്വേഷിക്കുക.
‘രാജിവയ്‍ക്കില്ല’
മുഖ്യമന്ത്രി സ്ഥാനം രാജിവയ്‍ക്കില്ലെന്ന നിലപാടിൽ മമത ഉറച്ചുനിന്നു. ‘ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു. ഞാൻ രാജിവയ്‍ക്കില്ല. തെറ്റായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയതിനോടുള്ള ഞങ്ങളുടെ പ്രതിഷേധമാണ് ഇൗ നിലപാട്. അവർക്ക് വേണമെങ്കിൽ എന്നെ പുറത്താക്കാം’– മമത പറഞ്ഞു. നിയമസഭയിലെ ആദ്യദിവസം എംഎൽഎമാർ കറുത്തവസ്‌ത്രങ്ങൾ അണിയണമെന്നും നിർദേശിച്ചു.
ബിജെപിയും തൃണമൂലും തമ്മിലുള്ള വോട്ടുവ്യത്യാസം 30 ലക്ഷം മാത്രമാണ്. എസ്‌ഐആറിന് ശേഷം ഒഴിവാക്കപ്പെട്ട 27 ലക്ഷത്തോളം വോട്ടർമാരുടെ കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എസ്‌ഐആർ കൊണ്ടുവന്നതെന്ന കാര്യം വ്യക്തമാണെന്നും നേതാക്കൾ ആരോപിച്ചു.
കൊലപാതകം ആസൂത്രിതമെന്ന് സുവേന്ദു
കൊൽക്കത്ത: പിഎ ചന്ദ്രനാഥ് രഥിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് പശ്-ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി. കൊലയാളികൾ രണ്ട് മൂന്ന് ദിവസമായി ചന്ദ്രനാഥ് രഥിനെ പിന്തുടരുന്നുണ്ടായിരുന്നെന്നും സുവേന്ദു ആരോപിച്ചു. ഭബാനിപുരിൽ മമതാ ബാനർജിയെ പരാജയപ്പെടുത്താൻ നേതൃത്വം നൽകിയതിനുള്ള പ്രതികാരമാണ് കൊലപാതകമെന്ന് ചന്ദ്രനാഥ് രഥിന്റെ അമ്മ പറഞ്ഞു.
തൃണമൂൽ കോൺഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു. ആരോപണങ്ങൾ തള്ളി രംഗത്തെത്തിയ തൃണമൂൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലയാളികൾ സഞ്ചരിച്ച കാർ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. കാറിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. ബുധനാഴ്‌ച രാത്രിയാണ് നോർത്ത് 24 പർഗാനാസ് ജില്ലയിലെ മാധ്യമഗ്രാമിൽ വച്ച് ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്.











0 comments