ad
Deshabhimani

അഭിഷേക് ബാനർജിക്ക് നേരെ പ്രതിഷേധം; കൊൽക്കത്ത വിമാനത്താവളത്തിൽ ടിഎംസി-ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

TMC.jpg
വെബ് ഡെസ്ക്

Published on Jun 20, 2026, 08:56 AM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്ത വിമാനത്താവളത്തിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി), ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. ഡൽഹിയിൽ നിന്ന് ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ശേഷം കൊൽക്കത്തയിൽ മടങ്ങിയെത്തിയ ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.


ബിജെപി പ്രവർത്തകരെ പ്രതിരോധിക്കാൻ തൃണമൂൽ പ്രവർത്തകർ കൂടി വിമാനത്താവളത്തിലേക്ക് കൂട്ടത്തോടെ എത്തിയതോടെ ഇരുവിഭാഗവും തമ്മിൽ തെരുവ് യുദ്ധമായി മാറി. പ്രതിഷേധത്തിനിടെ ബിജെപി പ്രവർത്തകർ അഭിഷേക് ബാനർജിക്ക് നേരെ മുട്ടയെറിയാൻ ശ്രമിച്ചതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.


ഒടുവിൽ പോലീസ് സന്നാഹം എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ലോക്സഭാ സ്പീക്കർ ഓം ബിർളയുമായി ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച നടത്തി മടങ്ങിയെത്തുമ്പോഴായിരുന്നു അഭിഷേക് ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്.


തൃണമൂൽ കോൺഗ്രസിനുള്ളിലെ വിമത നീക്കങ്ങൾ ചർച്ച ചെയ്യാനാണ് അഭിഷേക് ബാനർജിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം സ്പീക്കറെ കണ്ടത്. ഡെറിക് ഒബ്രിയാൻ, മഹുവ മൊയ്ത്ര, സൗഗതാ റോയ്, കല്യാൺ ബാനർജി എന്നിവരും വെള്ളിയാഴ്ച പാർലമെന്റ് ചേമ്പറിൽ നടന്ന കൂടിക്കാഴ്ചയിൽ അഭിഷേക് ബാനർജിക്കൊപ്പമുണ്ടായിരുന്നു.


പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്ന വിമത എംപിമാരെ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന ശക്തമായ നിലപാടാണ് ടിഎംസി നേതാക്കൾ സ്പീക്കറെ അറിയിച്ചത്. തൃണമൂൽ കോൺഗ്രസിലെ 20 വിമത എംപിമാർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയുമായി ലയിച്ച ശേഷം, ലോക്സഭയിൽ തങ്ങളെ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.


ഈ വിഷയം സ്പീക്കറുടെ പരിഗണനയിലിരിക്കെയാണ് ഔദ്യോഗിക ടിഎംസി നേതൃത്വം സ്പീക്കറെ സമീപിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും ടിഎംസി ആരോപിക്കുന്നു.


തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെട്ട് ലോക്സഭയിൽ പ്രത്യേക ബ്ലോക്ക് രൂപീകരിക്കാനുള്ള നീക്കത്തിലാണ് വിമതർ. ഇതിനിടയിലാണ് കൊൽക്കത്തയെ വീണ്ടും രാഷ്ട്രീയ സംഘർഷത്തിലേക്ക് തള്ളിവിട്ട് എയർപോർട്ടിൽ ഏറ്റുമുട്ടലുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home