സഭയെ മറികടന്ന് മാധ്യമങ്ങൾക്ക് അഭിമുഖം; പിയൂഷ് ഗോയലിനെതിരെ നോട്ടീസ് നൽകി ഡിഎംകെ എംപി

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ സർക്കാരിന്റെ പ്രധാന നയതീരുമാനങ്ങൾ സഭയെ അറിയിക്കാതെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെതിരെ അവകാശലംഘന നോട്ടീസ്. ഡിഎംകെ എംപി തിരുച്ചി ശിവയാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് വാർത്താസമ്മേളനത്തിലൂടെയും അഭിമുഖത്തിലൂടെയും മന്ത്രി പുറത്തുവിട്ടത് സഭയുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് നോട്ടീസിൽ പറയുന്നു.
പാർലമെന്റ് സമ്മേളനത്തിലിരിക്കുമ്പോൾ എക്സിക്യൂട്ടീവ് തീരുമാനങ്ങൾ ആദ്യം സഭയിലാണ് അറിയിക്കേണ്ടത് എന്ന ചട്ടം മന്ത്രി ലംഘിച്ചതായി തിരുച്ചി ശിവ ചൂണ്ടിക്കാട്ടി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും നോട്ടീസിനെ പിന്തുണച്ചു.
എന്നാൽ, വിഷയം പരിശോധിക്കാമെന്ന് രാജ്യസഭാ അധ്യക്ഷൻ സിപി രാധാകൃഷ്ണൻ അറിയിച്ചു. ഫെബ്രുവരി 2-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യാപാര കരാർ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പിറ്റേന്ന് സഭയിൽ പ്രസ്താവന നടത്തേണ്ടിയിരുന്ന പിയൂഷ് ഗോയൽ, പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് സഭ തടസ്സപ്പെട്ടപ്പോൾ വിവരങ്ങൾ വാർത്താസമ്മേളനത്തിലൂടെ പുറത്തുവിടുകയായിരുന്നു.
ഇത് പാർലമെന്ററി ചട്ടങ്ങളുടെ ലംഘനമാണെന്നാണ് തിരുച്ചി ശിവ പറഞ്ഞത്. കർഷകരുടെയും ആഭ്യന്തര വ്യവസായങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് കരാറെന്ന് മന്ത്രി വിശദീകരിക്കുന്നുണ്ടെങ്കിലും വൻതോതിലുള്ള ഇറക്കുമതി കർഷകരെ ദോഷകരമായി ബാധിക്കുമെന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു.










0 comments