ad
Deshabhimani

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഇഡിക്ക് മുന്നിൽ ഹാജരാകാതെ ടീന അംബാനി

Tina Ambani.jpg
വെബ് ഡെസ്ക്

Published on Feb 10, 2026, 09:50 AM | 1 min read

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ സമൻസ് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനി ഒഴിവാക്കി.


വിദേശ നാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് ടീന അംബാനിയോട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടീന അംബാനി ഇന്ന് ഹാജരാകാതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.


വിഷയത്തിൽ ഇഡി പുതിയ സമൻസ് അയച്ചേക്കും. നേരത്തെ അനിൽ അംബാനിയെയും ഇതേ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തിരുന്നു. പനാമ പേപ്പേഴ്സ് വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട വിദേശ നിക്ഷേപങ്ങളെക്കുറിച്ചാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.


അനിൽ അംബാനിക്കും കുടുംബത്തിനും വിദേശ രാജ്യങ്ങളിൽ രഹസ്യ നിക്ഷേപമുണ്ടെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് ആരോപണം. വിദേശത്തെ ബാങ്ക് അക്കൗണ്ടുകൾ, ഓഫ്‌ഷോർ കമ്പനികൾ എന്നിവ വഴിയുള്ള സാമ്പത്തിക ഇടപാടുകളിൽ ടീന അംബാനിയുടെ പങ്കും ഏജൻസി പരിശോധിക്കുന്നുണ്ട്.


2020-ൽ യെസ് ബാങ്ക് പ്രൊമോട്ടർ റാണാ കപൂറിനെതിരെയുള്ള കേസിലും അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അംബാനി കുടുംബത്തിനെതിരെ കേന്ദ്ര ഏജൻസി നീക്കം നടത്തുന്നത്. അടുത്ത തവണ ഹാജരാകാതിരുന്നാൽ ടീന അംബാനിക്കെതിരെ കടുത്ത നിയമനടപടികളിലേക്ക് നീങ്ങാനാണ് ഇഡിയുടെ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home