ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്: പ്രതികൾ മുംബൈയിൽ വെടിയുതിർത്ത് പരിശീലനം നടത്തിയിരുന്നുവെന്ന് പൊലീസ്

മുംബൈ : ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ് നടത്തിയ സംഘം മുംബൈയ്ക്ക് സമീപം വെടിവെയ്പ്പ് പരിശീലനം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഷ്റോഫിന്റെ നേർക്കുള്ള ആക്രമണത്തിന് തൊട്ടുമുമ്പ് പ്രതികൾ മുംബൈയ്ക്ക് സമീപമുള്ള ഒരു പ്രദേശത്ത് വെടിയുതിർത്ത് പരിശീലനം നടത്തിയിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മുംബൈയ്ക്ക് സമീപമുള്ള വെടിവയ്പ്പ് പരിശീലന സ്ഥലം പൊലീസ് പരിശോധിച്ചു.
ആയുധം ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഇവർ വെടിയുതിർത്തത്. അതേസമയം അന്ധേരിയിലെ, ഹോട്ടൽ മുറിയിൽ വെച്ച് ആയുധം പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയും, തിര കിടക്കയിൽ തുളച്ചുകയറുകയും ചെയ്തിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹുവിൽ ഫുട്ബോൾ കളിക്കാൻ പോയപ്പോഴാണ് ടൈഗർ ഷ്രോഫിന് നേരെ ആക്രമണമുണ്ടായത്. മോട്ടോർസൈക്കിളിലെത്തിയ മൂന്ന് പേരാണ് വെടിവയ്പ്പ് നടത്തിയത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറിന് നേരെ അക്രമികൾ 6-7 റൗണ്ട് വെടിയുതിർത്തു. ആക്രമണത്തിൽ നടന് പരിക്കേറ്റിട്ടില്ല. നടന്റെ ഡ്രൈവർക്കും ഓട്ടോറിക്ഷ ഡ്രൈവറിനും പരുക്കേറ്റു. സംഭവത്തിൽ അറസ്റ്റിലായവർക്ക് ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം.
മുംബൈയിലെത്തിയ പ്രതികൾ ആദ്യം നടൻ സൽമാൻ ഖാനെയാണ് ലക്ഷ്യമിട്ടിരുന്നതെന്നും പിന്നീട് വസതിക്ക് മുന്നിലെ സുരക്ഷ ശക്തമാണെന്ന് മനസിലായതോടെ പദ്ധതി മാറ്റുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്നാണ് ടൈഗർ ഷ്റോഫിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ സൂത്രധാരൻ ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളിയായ അനിൽ പണ്ഡിറ്റാണെന്ന് രാജസ്ഥാൻ പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കേസിലെ പ്രതികൾക്ക് അനിൽ പണ്ഡിറ്റ് 2.5 ലക്ഷം രൂപ മുൻകൂറായി നൽകിയെന്നും ആക്രമണം നടത്താൻ റെഹാന് 34,000 രൂപ വാഗ്ദാനം ചെയ്തെന്നുമാണ് രാജസ്ഥാൻ പൊലീസിന്റെ റിപ്പോർട്ട്. ടൈഗർ ഷ്റോഫിന് നേരേ വെടിവെപ്പ് നടത്തിയ കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഞായറാഴ്ച വൈകിട്ടാണ് നടൻ ടൈഗർ ഷ്റോഫിന് നേരേ വെടിവെപ്പുണ്ടായത്.
കേസിൽ ബുധനാഴ്ച രണ്ട് പ്രതികളെ കൂടി മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പിടിയിലായവരുടെ ആകെ എണ്ണം 10 ആയി. ആയുധങ്ങൾ എത്തിച്ചുനൽകിയതിൽ നിർണായക പങ്ക് വഹിച്ചവരാണ് ഇവർ എന്നാണ് സൂചന. ഹരിയാനയിലെ സോനിപത് കോടതിയിൽ ഹാജരാക്കുന്ന ഇവരെ ട്രാൻസിറ്റ് റിമാൻഡിൽ മുംബൈയിലെത്തിക്കും.









0 comments