Deshabhimani

എകെ-47 ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ച് പൂജാ ആഘോഷം:രംഗം ഇൻസ്റ്റയിൽ പങ്കുവെച്ച് ഐപിഎസ് ഓഫീസര്‍

ak 47
വെബ് ഡെസ്ക്

Published on Oct 22, 2026, 05:05 PM | 1 min read

റായ്പൂര്‍: ഛത്തീസ്ഗഡിലെ രാജ്നന്ദഗാവ് ജില്ലയിൽ വിജയദശമി ആഘോഷത്തിനിടെ പൊലീസിന്റെ എ കെ 47 തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത് വനിതാ ഐപിഎസ് ഓഫീസർ. രാജ്‌നന്ദഗാവ് എസ്പി അങ്കിത ശർമ്മയാണ് ഔദ്യോഗിക തോക്ക് ഉപയോഗിച്ച് ആഘോഷം കൊഴുപ്പിച്ചത്. പൊലീസ് ലൈനിൽ നടന്ന ശസ്ത്രപൂജയ്ക്ക് ശേഷമായിരുന്നു എസ്പിയുടെ വെടിവെപ്പ് ഷോ. ഇതു മാത്രമല്ല ആകാശത്തേക്ക് തുടരെ വെടിയുതിര്‍ക്കുന്ന രംഗം ഷൂട്ട് ചെയ്യിച്ച് ഇൻസ്റ്റഗ്രാമിൽ ഷെയര്‍ ചെയ്യുകയും ചെയ്തു.


സംഭവം വീഡിയോ ദൃശ്യങ്ങൾ സഹിതം പ്രചരിച്ചതോടെ വിവാദമായി. പൊലീസ് ആസ്ഥാനം എസ് പിയോട് വിശദീകരണം തേടി. യൂണിഫോം ഒഴിവാക്കി സാരി ധരിച്ചെത്തിയായിരുന്നു എസ്പിയുടെ ആഘോഷം.


നിയമ ലംഘനം വിവാദമായതോടെ മറ്റിടങ്ങളിലും സമാന സംഭവങ്ങൾ പുറത്തെത്തി. രാജ്‌നന്ദഗാവ് അഡീഷണൽ എസ്പി കീർത്തൻ റാത്തോഡ് തോക്കുപയോഗിച്ച് വെടിയുതിർക്കുന്ന മറ്റൊരു വീഡിയോയും പ്രചരിപ്പിക്കപ്പെട്ടു. റായ്പൂർ, ബിലാസ്പൂർ, റായ്ഗഡ്, ദുർഗ്, കബിർധാം, ബസ്തർ തുടങ്ങിയ മറ്റ് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും സമാനമായ രീതിയിൽ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ ജനങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിച്ചു. ഇത് പൊലീസ് ആസ്ഥാനത്തെ തന്നെയും വെട്ടിലാക്കി.


മുൻ സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ജനറൽ (റിട്ട.) കെ ജെ എസ് ധില്ലൻ മാരകമായ തോക്ക് കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്ചകളെയും സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനത്തെയും വിമര്‍ശിച്ച് രംഗത്തെത്തി. മുൻ ഐ പി എസ് ഉദ്യോഗസ്ഥനായ ആർ കെ വിജയ്‍യും ഇത്തരം പ്രവർത്തനങ്ങൾ എങ്ങിനെ അനുവദിക്കപ്പെടുന്നു എന്നു ചോദിച്ചു. ആയുധ പൂജ എന്നത് പൂജയ്ക്ക് മാത്രമുള്ളതാണെന്നും വെടിയുതിർക്കുന്നത് ഔദ്യഗികമായി എങ്ങനെ ന്യായീകരിക്കും എന്നും ചോദിച്ചു. എന്നാൽ പൊലീസിൽ തന്നെ ചിലർ ഇത് പരമ്പരാഗതമായ ആചാരത്തിന്റെ ഭാഗമാണെന്ന് ന്യായീകരിച്ച് രംഗത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home