നാഗകള്‍ക്ക് പ്രത്യേക ഭരണഘടനയും ദേശീയ പതാകയുമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ല
ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ല; അരനൂറ്റാണ്ടിനുശേഷം നാഗാ വിമതനേതാവ് മുയ്‍വ മണിപ്പുരിലെ ജന്മനാട്ടില്‍

ഇംഫാൽ: നാഗാ ജനതയ്‌ക്കായി വിശാല നാഗാലാൻഡ് ആവശ്യമുയര്‍ത്തുന്ന വിമത സംഘടന നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് (ഐഎം) അധ്യക്ഷൻ തുയിംഗലെങ് മുയ്‍വ അമ്പത് വര്‍ഷത്തിനുശേഷം ജന്മനാട്ടിൽ. മണിപ്പുരിലെ നാഗാഭൂരിപക്ഷമുള്ള ഉഖ്‍റുള്‍ ജില്ലയിലെ സോംദാലിലാണ് 93കാരനായ മുയ്‍വ ബുധനാഴ്‌ച എത്തിയത്.
ഉഖ്റുളിലെ ഭക്ഷി മൈതാനത്ത് ഹെലികോപ്ടറിൽ ഇറങ്ങിയ മുയ്‍വയെ പരമ്പരാഗത വേഷങ്ങളണിഞ്ഞ സ്‌ത്രീകളടക്കം ആയിരങ്ങൾ സ്വീകരിച്ചു. ഇവിടെ നിന്നാണ് സോംദാലിലേക്ക് തിരിച്ചത്. രാണ്ടാഴ്‌ച ഇവിടെ തങ്ങിയ ശേഷം 29ന് നാഗാലാൻഡിലെ ദിമാപുരിലേക്ക് മടങ്ങും.1997ൽ വെടിനിര്‍ത്തൽ വന്നശേഷം കേന്ദ്രവുമായുള്ള സമാധാനചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകുന്നത് മുയ്‍വയാണ്.
നാഗകള്‍ക്ക് പ്രത്യേക ഭരണഘടനയും ദേശീയ പതാകയും അംഗീകരിക്കണമെന്ന ആവശ്യത്തിൽ പിന്നോട്ടില്ലെന്ന് തുയിംഗലെങ് മുയ്‍വ ആവര്‍ത്തിച്ചു. 2002ലെയും 2015ലെയും കരാറുകള്‍ പ്രകാരമേ രാഷ്‌ട്രീയ പരിഹാരമുണ്ടാകൂ. നാഗ ദേശീയപതാകയ്‌ക്കും ഭരണഘടനയ്‌ക്കും അംഗീകാരം നിഷേധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ചട്ടക്കൂട് കരാറിന്റെ അന്തഃസത്ത ലംഘിച്ചു. നാഗാ ജനങ്ങളുടെ ഐക്യം തകര്‍ക്കാൻ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. രാഷ്ട്രീയ പോരാട്ടം തുടരണമെന്നും നാഗാ ജനതയോട് മുയ്‍വ ആഹ്വാനംചെയ്‌തു.









0 comments