കമല്‍ മാപ്പുപറയില്ല, ത​ഗ്‍ലൈഫ് 
കര്‍ണാടകത്തില്‍ റിലീസ് ചെയ്യില്ല

Thug Life Movie ban in karnataka
വെബ് ഡെസ്ക്

Published on Jun 04, 2025, 03:58 AM | 1 min read


ബം​ഗളൂരു

"തമിഴിൽനിന്നാണ് കന്നഡ ഭാഷ ജന്മം കൊണ്ടതെന്ന' പരാമര്‍ശത്തിൽ വിവാദം അവസാനിപ്പിക്കാൻ മാപ്പുപറയണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ വാക്കാൽ നിര്‍ദേശം നടന്‍ കമൽഹാസൻ തള്ളി. അഞ്ചിന്‌ ​"ത​ഗ്‍ലൈഫ്' കര്‍ണാടകത്തിൽ റിലീസ് ചെയ്യുന്നില്ലെന്നും പ്രശ്നപരിഹാരത്തിനായി കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സുമായി ചര്‍ച്ച ചെയ്യുമെന്നും നിർമാതാവുകൂടിയായ കമൽ ഹാസൻ കോടതിയെ അറിയിച്ചു. തുടര്‍ന്ന് പ്രദര്‍ശിപ്പിക്കുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി പരി​ഗണിക്കുന്നത് 10ലേക്ക് മാറ്റി.


വിവാദം അവസാനിപ്പിക്കാൻ മാപ്പു പറയണമെന്ന് കേസ് പരി​ഗണിച്ച ജസ്റ്റിസ് എം നാ​ഗപ്രസന്ന വാക്കാൽ നിര്‍ദേശിക്കുകയായിരുന്നു. 1950ൽ ​ഗവര്‍ണര്‍ ജനറലായിരുന്ന സി രാജ​ഗോപാലാചരി സമാന പരാമര്‍ശത്തിന് മാപ്പുപറഞ്ഞിരുന്നുവെന്ന് ജസ്റ്റിസ് നാ​ഗപ്രസന്ന ചൂണ്ടിക്കാട്ടി.


രാജ​ഗോപാലാചാരിയെ പോലൊരാള്‍ക്ക് മാപ്പുപറയാമെങ്കിൽ എന്തുകൊണ്ട് കമൽ ഹാസന് ആയിക്കൂടാ. ജനങ്ങളുടെ വികാരം വ്രണപ്പെടുത്താൻ ഒരു പൗരനും അവകാശമില്ല. ഭൂമി, വെള്ളം, ഭാഷ എന്നീ മൂന്നു കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വൈകാരികമാണ്. കമൽഹാസന്റെ പരാമര്‍ശം സമൂഹത്തിൽ അസ്വസ്ഥതയുണ്ടാക്കി. മാപ്പ് മാത്രമാണ് കര്‍ണാടകയിലെ ജനങ്ങള്‍ ആവശ്യപ്പെട്ടതെന്നും ജസ്റ്റിസ് നാ​ഗപ്രസന്ന പറഞ്ഞു.


പ്രസ്‌താവനയിൽ ദുരുദ്ദേശ്യം ഉണ്ടെങ്കിലേ മാപ്പ് പറയേണ്ട കാര്യമുള്ളുവെന്നും ഇവിടെ അങ്ങനെയൊരു സാഹചര്യമില്ലെന്നും ഉച്ചയ്‌ക്കുശേഷം വീണ്ടും ഹര്‍ജി പരി​ഗണിച്ചപ്പോള്‍ കമലിന്റെ അഭിഭാഷകന്‍ മറുപടി നല്‍കി.


"ത​ഗ്‍ലൈഫ്' സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ കമല്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.കന്നഡ ഭാഷാ സംഘടനകളും കോൺ​ഗ്രസും ബിജെപിയും പ്രതിഷേധമുയര്‍ത്തിയതോടെ, സിനിമയുടെ റിലീസ് കര്‍ണാടക ഫിലിം ചേംബര്‍ വിലക്കുകയായിരുന്നു. നാം എല്ലാം ഒന്നാണെന്നും ഒരേ കുടുംബത്തിൽനിന്നുമാണെന്നും വ്യക്തമാക്കാനാണ് ശ്രമിച്ചതെന്നും കന്നഡയെ ഇകഴ്‍ത്തിക്കാട്ടാൻ ശ്രമിച്ചില്ലെന്നും കര്‍ണാടക ഫിലിം ചേംബറിന് ചൊവ്വാഴ്‌ച നൽകിയ കത്തിൽ കമൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home