തഗ് ലൈഫ് കർണാടകത്തിൽ റിലീസ് ചെയ്യണം; കർണാടക ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി : മണിരത്നം- കമൽഹാസൻ ചിത്രം തഗ് ലൈഫ് കർണാടകത്തിൽ റിലീസ് ചെയ്യണമെന്ന് സുപ്രീംകോടതി. തഗ് ലൈഫിന്റെ റിലീസ് സംസ്ഥാനത്ത് നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ച കർണാടക ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. "തമിഴിൽനിന്നാണ് കന്നഡ ഭാഷ ജന്മം കൊണ്ടതെന്ന' പരാമർശത്തിന്റെ പേരിൽ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളെ സുപ്രീം കോടതി വിമർശിച്ചു.
നിയമവാഴ്ച സ്ഥാപിക്കേണ്ടതുണ്ടെന്നും തലയ്ക്ക് നേരെ തോക്ക് ചൂണ്ടി സിനിമ കാണുന്നതിൽ നിന്ന് ആളുകളെ തടയാൻ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. തിയേറ്ററുകളിൽ എന്ത് പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കാൻ "ഗുണ്ടകളുടെ കൂട്ടങ്ങളെ" അനുവദിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ പേരിൽ തെരുവിലിറങ്ങാൻ ജനക്കൂട്ടത്തെ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഒരു സിനിമയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അനുമതി ലഭിച്ചുകഴിഞ്ഞാൽ അത് സംസ്ഥാനം മുഴുവൻ റിലീസ് ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് സിനിമയുടെ റിലീസ് സംബന്ധിച്ച തീരുമാനം അറിയിക്കാൻ കർണാടക സർക്കാരിന് സുപ്രീം കോടതി ഒരു ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹേഷ് റെഡ്ഡി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചായായിരുന്നു കോടതിയുടെ നിരീക്ഷണം.
കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽഹാസന്റെ പരാമർശത്തിൽ മാപ്പ് പറയണമെന്ന ഹൈക്കോടതിയുടെ സമീപകാല നിരീക്ഷണങ്ങളെയും സുപ്രീം കോടതി വിമർശിച്ചു. വിഷയത്തിൽ മാപ്പ് ചോദിക്കേണ്ട ആവശ്യം ഹൈക്കോടതിക്ക് ഇല്ലെന്നും സുപ്രീംകോടതി പറഞ്ഞു. കർണാടക ഹൈക്കോടതിയിലുണ്ടായിരുന്ന സിനിമയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിലേക്ക് മാറ്റി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. "തമിഴിൽനിന്നാണ് കന്നഡ ഭാഷ ജന്മം കൊണ്ടതെന്ന' കമൽ ഹാസന്റെ പരാമർശത്തെത്തുടർന്ന് ചില സംഘടനകൾ ഭീഷണി മുഴക്കിയതോടെയാണ് കർണാടകത്തിൽ ചിത്രത്തിന്റെ പ്രദർശനം തടഞ്ഞത്. മാപ്പ് പറയണമെന്ന നിർദേശം കമൽഹാസൻ തള്ളിയിരുന്നു. ജൂൺ അഞ്ചിനാണ് തഗ് ലൈഫ് റിലീസ് ചെയ്തത്.









0 comments