ജന്മദിനാഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ചതില്‍ തര്‍ക്കം; മൂന്ന് യുവാക്കളെ വെടിവെച്ച് കൊന്നു

വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ | photo credit : NDTV
ബുലന്ദ്ഷഹർ: ഉത്തർപ്രദേശിൽ ജന്മദിനാഘോഷത്തെ തുടർന്നുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. ജന്മദിനാഘോഷത്തിൽ കേക്ക് മുഖത്ത് തേച്ചതിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് മൂന്ന് യുവാക്കളെ വെടിവെച്ച് കൊന്നു. യുപിലെ ഖുർജ നഗർ മേഖലയിൽ ശനിയാഴ്ചയാണ് സംഭവം.
അമർദീപ് സൈനി, മനിഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്. പിറന്നാളുകാരനായ ജീതു സൈനിയുടെ മുഖത്ത് യുവാക്കൾ കേക്ക് തേച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുണ്ടാകുന്നത്. ഒരു പ്രാദേശിക ജിമ്മിൽ വെച്ചായിരുന്നു ആഘോഷം നടന്നത്. തർക്കം മുറുകിയതോടെ ജീതുവും സംഘവും തോക്കുകളുമായെത്തി യുവാക്കൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവെയ്പ്പിൽ മാരകമായി മുറിവേറ്റ യുവാക്കളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നാലെ ജീതുവും സംഘവും ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. വെടിവെയ്പ്പിനെക്കുറിച്ച് വിവരം ലഭിച്ചയുടൻ ഖുർജ നഗർ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഒളിവിൽ പോയ പ്രതികളെ പിടികൂടാനായി ഏഴ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി മീററ്റ് റേഞ്ച് ഡിഐജി അറിയിച്ചു.











0 comments