മാലിയിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ പൗരന്‍മാരെ കണ്ടെത്താനായില്ല

ബമാകോ: മാലിയിൽ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്കിടെ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. മാലിയിലെ കായസ് പ്രദേശത്തെ ഡയമണ്ട് സിമന്‍റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം വിവരം പുറത്തു വിട്ടത്.
ജൂലൈ ഒന്നിന് സായുധരായ ഒരു സംഘം ഫാക്ടറി വളപ്പിൽ ആക്രമണം നടത്തി. ഇതിനിടെ മൂന്ന് ഇന്ത്യൻ പൗരന്മാരെ ബന്ദികളാക്കുകയാണ് ചെയ്തതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവരെ കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല. സുരക്ഷിതമായ മോചനം വേഗത്തിൽ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടു.
തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്റത്ത് അൽ-ഇസ്ലാം വൽ-മുസ്ലിമീൻ ചൊവ്വാഴ്ച മാലിയിലുടനീളം നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
മാലിയിൽ താമസിക്കുന്ന ഇന്ത്യക്കാരോട് ജാഗരൂകരായി ഇരിക്കാനും ബാമാകോയിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
തീവ്രവാദികളെ വധിച്ചതായി സൈന്യം
മാലിയിലെ വിവിധ പട്ടണങ്ങളിലെ സൈനിക പോസ്റ്റുകൾക്ക് നേരെ ഏകോപിതമായ ആക്രമണങ്ങൾ ഉണ്ടായി. 80 ലധികം തീവ്രവാദികളെ വധിച്ചതായി മാലിയൻ സൈന്യം അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ സൈന്യത്തിനെതിരായ മൂന്നാമത്തെ വലിയ ആക്രമണമാണ് ചൊവ്വാഴ്ച ഉണ്ടായത്.
2020 മുതൽ സൈനിക ഗവൺമെന്റിന്റെ നിയന്ത്രണത്തിലാണ് മാലി. വടക്കൻ മേഖലയിൽകലാപങ്ങളുടെ ദീർഘകാല ചരിത്രമുണ്ട്. ചൊവ്വാഴ്ചത്തെ ആക്രമണങ്ങൾ സെനഗലിന്റെ അതിർത്തിക്കടുത്തുള്ള പടിഞ്ഞാറൻ മാലിയിലെ ഡിബോളിയെയും സമീപത്തുള്ള കെയ്‌സ്, സാൻഡെർ എന്നീ പട്ടണങ്ങളെയും ലക്ഷ്യമാക്കി ആയിരുന്നു. മൗറിറ്റാനിയയുടെ അതിർത്തിക്കടുത്തുള്ള തലസ്ഥാനമായ ബമാകോയുടെ വടക്കുപടിഞ്ഞാറുള്ള നിയോറോ ഡു സഹേലിലും ഗോഗൗയിയിലും മധ്യ മാലിയിലെ മൊളോഡോയിലും നിയോനോയിലും പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായി.








0 comments