നടി രുക്മിണി വസന്തിന്റെ എഐ വീഡിയോകൾ നിർമിച്ച് പ്രചരിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

ബംഗളൂരു : കന്നഡ നടി രുക്മിണി വസന്തിന്റെ എ ഐ വീഡിയോകൾ നിർമിച്ച് സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ബാഗൽകോട്ട് ജില്ലയിലെ ചിലകമുഖി ഗ്രാമത്തിൽ താമസിക്കുന്ന രവികുമാർ (24) ശിവമോഗ സ്വദേശി ചന്ദ്രകാന്ത് (33), ബംഗളൂരു സ്വദേശി രഞ്ജിത്ത് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം നടി നൽകിയ പരാതിയിലാണ് അറസ്റ്റ്. കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും ബിഎൻഎസിയിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.
നടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രതികൾ പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഇത് തന്റെ സ്വകാര്യതയെ ബാധിച്ചെന്നും മാനസിക പീഡനത്തിന് ഇരയായെന്നും പൊതുജനങ്ങൾക്ക് മുന്നിൽ തന്നെ തെറ്റായി ചിത്രീകരിച്ചുവെന്നും നടി പരാതിയിൽ പറയുന്നു.
പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നതായും സൈബർ കമാൻഡ് സിഐഡി ഡിജിപി പ്രണബ് മൊഹന്തി പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന മൂന്ന് മൊബൈൽ ഫോണുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കന്നഡ, തമിഴ്, തെലുഗു ഭാഷകളിൽ വിവിധ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രുക്മിണി വസന്ത്. സപ്ത സാഗരാച്ചേ എല്ലോ- സൈഡ് എ, സൈഡ് ബി, ബഗീര, എയ്സ്, കാന്താര എന്നിവയാണ് പ്രധാന ചിത്രങ്ങൾ










0 comments