ad
Deshabhimani

print edition ആകെ തകർത്തു; ആവിയായി വാഗ്ദാനങ്ങൾ

V D Satheesan Budget Cartoon
വെബ് ഡെസ്ക്

Published on Jun 20, 2026, 12:00 AM | 3 min read

തിരുവനന്തപുരം: കഴിഞ്ഞ പത്തുവര്‍ഷത്തെ വികസന–ക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്‍വാങ്ങി, പൊതുസമ്പത്ത് തന്നെ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നതാണ്‌ യുഡിഎഫ്‌ സർക്കാരിന്റെ ആദ്യ ബജറ്റെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ.


അടിസ്ഥാന ജനവിഭാഗങ്ങളെയും പരമ്പരാഗത വ്യവസായ തൊഴിലാളികളെയും ബജറ്റില്‍ അവഗണിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരെയും തൊഴിലാളികളെയും കൈയൊഴിഞ്ഞു.

സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ക്ക് ആക്കം പകരുന്നതാണ്‌ ബജറ്റ്‌ നിർദേശങ്ങൾ. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലുൾപ്പെടെ സ്വകാര്യവല്‍ക്കരണത്തിനാണ് ഊന്നല്‍. പൊതുമേഖലാ സ്ഥാപനങ്ങളെ കൈയൊഴിയുന്നതിന്റെ സൂചനകളുമുണ്ട്‌.


വന്‍ പദ്ധതികളുടെ പേര്‌ പറയുകയും തുക അനുവദിക്കാതിരിക്കുകയും ചെയ്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്‌ ശ്രമം. ലൈഫ്, ക്ഷേമപെന്‍ഷന്‍, സ്ത്രീസുരക്ഷാ പദ്ധതി, കണക്ട് ടു വര്‍ക്ക് തുടങ്ങിയ പദ്ധതികളില്‍നിന്നെല്ലാം സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളും നടപ്പാക്കിയ കാര്യങ്ങളും പുതിയ പേരുകളില്‍ അവതരിപ്പിക്കുകയാണ്‌. എസ്‌സി, - എസ്ടി വിഹിതം വര്‍ധിപ്പിച്ചെന്ന വാദം വസ്തുതാവിരുദ്ധമാണ്. സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഒരക്ഷരം പറയാന്‍ തയ്യാറായിട്ടില്ലെന്നത് അമ്പരിപ്പിക്കുന്നതാണ്– ടി പി രാമകൃഷ്‌ണൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.


പദ്ധതി അടങ്കൽ 
വെട്ടിക്കുറച്ചത്‌ 
പ്രത്യാഘാതമുണ്ടാക്കും


സംസ്ഥാനത്തിന്റെ പദ്ധതി അടങ്കൽ വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ നടപടി സമ്പദ്ഘടനയിലും സമൂഹത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന്‌ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. എൽഡിഎഫ് സർക്കാർ ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലെ പദ്ധതി അടങ്കലിൽനിന്ന്‌ 5380 കോടി രൂപയാണ്‌ കുറച്ചത്‌. കോവിഡ് പശ്‌ചാത്തലത്തിലൊഴികെ, പദ്ധതി അടങ്കൽ വർധിപ്പിക്കുന്ന സമീപനമാണ് എൽഡിഎഫ്‌ കൈക്കൊണ്ടിട്ടുള്ളത്. സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ പദ്ധതി അടങ്കൽ വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


കടലും കായലും പുഴകളും വിമാനത്താവളവുമെല്ലാം സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ്‌ ബജറ്റിൽ പ്രതിഫലിക്കുന്നത്‌. സർക്കാർ പ്രഖ്യാപിച്ച രീതിയിൽ വീര്യംകുറഞ്ഞ മദ്യം വിപണിയിലെത്തിയാൽ മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടും. ഇ‍ൗരംഗത്തെ കന്പനികളുടെ താൽപ്പര്യമാണ്‌ ബജറ്റ്‌ പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കുന്നത്‌.


തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകുന്ന വിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവും പ്രതികൂല ഫലങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കിഫ്‌ബിയെക്കുറിച്ച്‌ പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്നാണ്‌ പ്രഖ്യാപനം. പഠനം വൈകുന്തോറും കിഫ്‌ബി മുഖേന നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ താളംതെറ്റും. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്‌ നൽകാനുള്ള പണം നേടിയെടുക്കുന്നതിനുള്ള ഒരു സമീപനവും ബജറ്റിൽ കാണുന്നില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.


വികസനവും ക്ഷേമവും 
അട്ടിമറിക്കുന്ന ബജറ്റ്‌: സിപിഐ

കേരളത്തിന്റെ വികസനവും ക്ഷേമപ്രവർത്തനവും അട്ടിമറിക്കുന്നതാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭൂസന്പത്ത്‌ സ്വകാര്യകുത്തകകൾക്ക്‌ നൽകാനുള്ള നിർദേശം അംഗീകരിക്കാനാകില്ല. വികസനത്തിന്റെ പ്രധാന സ്രോതസ്സായ കിഫ്‌ബിയെ ഇല്ലാതാക്കുകയാണ്‌. മത്സ്യമേഖയും തീരദേശത്തെ ധാതുസന്പത്തും സ്വകാര്യവൽക്കരിക്കുന്നു. കേരളത്തിന്‌ പ്രതീക്ഷ നൽകുന്നതൊന്നും ബജറ്റിലില്ല.


സിപിഐ സംസ്ഥാന ക‍ൗൺസിലുമായി ബന്ധപ്പെട്ട്‌ ചില മാധ്യമങ്ങളിൽവന്ന വാർത്തകൾ തെറ്റാണ്‌. തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന്റെയും തോൽവിയുടെയും ഉത്തരവാദിത്വം എൽഡിഎഫിലെ എല്ലാ ഘടകകക്ഷികൾക്കുമുണ്ട്‌. ഇ‍ൗ പരാജയം അതിജീവിച്ച്‌ കമ്യൂണിസ്‌റ്റുപാർടികൾ ശക്തമായി തിരിച്ചുവരും. ഭരണത്തോടുള്ള അസംതൃപ്‌തിക്കുപുറമെ ചില രാഷ്‌ട്രീയ തിരിച്ചടികളും എൽഡിഎഫിനുണ്ടായി. ന്യൂനപക്ഷങ്ങളിലും പരന്പരാഗത തൊഴിലാളികളിലും അസംതൃപ്‌തിയുണ്ടായി.


എൽഡിഎഫ്‌ വിരുദ്ധ കക്ഷികൾ ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ കുപ്രചാരണം അഴിച്ചുവിട്ടതും തോൽവിക്ക്‌ കാരണമാണ്‌. സിപിഐ മത്സരിച്ച 25 മണ്ഡലങ്ങളിലും പ്രത്യേക പരിശോധനയ്‌ക്ക്‌ പാർടി തീരുമാനിച്ചതായും ബിനോയ്‌ വിശ്വം പറഞ്ഞു.


നീതി പുലർത്തിയില്ല


വ്യവസായ മേഖലയോട്‌ നീതിപുലർത്തുന്നതല്ല പുതുക്കിയ ബജറ്റെന്ന്‌ മുൻ വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു. ധാതുഖനനം അടക്കം സ്വകാര്യമേഖലയ്‌ക്ക്‌ വിട്ടുകൊടുക്കുന്ന നിർദേശങ്ങൾ ബജറ്റിലുണ്ട്‌. പൊതുമേഖലാ സ്ഥാപനങ്ങളെ കൈയൊഴിയുന്ന നില കാണാനാകും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാത്ത ഭൂമി മറ്റു വ്യവസായങ്ങൾക്കായി വിട്ടുനൽകാൻ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചിരുന്നു.


അതിൽനിന്ന്‌ ലഭിക്കുന്ന പണം, ഭൂമി വിട്ടുകൊടുക്കുന്ന സ്ഥാപനത്തിനായി ഉപയോഗിക്കും എന്നത്‌ പുതുക്കിയ ബജറ്റിൽ ഒഴിവായി. വിഴിഞ്ഞം തുറമുഖത്തിന്‌ അനുബന്ധമായി ഭൂമി ഏറ്റെടുക്കാൻ 1000 കോടി രൂപ വായ്‌പയെടുക്കുന്നതിന്‌ എൽഡിഎഫ്‌ സർക്കാർ കിൻഫ്രയ്‌ക്ക്‌ അനുമതി നൽകിയിരുന്നു. പുതുക്കിയ ബജറ്റിൽ ഇതേക്കുറിച്ചും മ‍ൗനമാണ്‌.


തുടക്കത്തിലേ 
ഭൂമി കച്ചവടം


ഉമ്മൻചാണ്ടി സർക്കാർ അവസാനകാലത്താണ്‌ ഭൂമി കച്ചവടത്തിലേക്ക്‌ കടന്നതെങ്കിൽ സതീശൻ സർക്കാർ അത്‌ തുടക്കത്തിലേ ചെയ്യുകയാണെന്ന്‌ സിപിഐ നിയമസഭാ കക്ഷി നേതാവ്‌ കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച്‌ ലാൻഡ്‌ മാനേജ്മെന്റ്‌ നയം ആവിഷ്കരിക്കാനുള്ള ശ്രമമാണ് ഭൂപരിഷ്കരണം 2.0 എന്ന ബജറ്റ് പ്രഖ്യാപനം. ഭൂപരിഷ്കരണ നിയമങ്ങളെ പൊളിച്ചെഴുതുന്നതിനുപിന്നിലെ രാഷ്ട്രീയം വ്യക്തമാണ്.


ക്ഷേമരാഷ്‌ട്ര സങ്കൽപത്തിൽനിന്ന്‌ പ്രത്യക്ഷത്തിൽ പിന്മാറുന്നതായാണ്‌ ബജറ്റ്‌ സൂചിപ്പിക്കുന്നത്‌. ഇനിയൊരു ക്ഷേമപദ്ധതികളും വരില്ല എന്നുറപ്പാക്കുകയാണ്‌ സർക്കാർ. കാർഷിക ക്ഷേമവകുപ്പിന്‌ വിഹിതംകുറച്ചത്‌ കർഷകരെ ബാധിക്കും. കാർഷിക ചെറുകിട വ്യവസായമേഖലയെ പരിരക്ഷിക്കാനുള്ള താല്‍പര്യം കോര്‍പറേറ്റ് താല്‍പ്പര്യത്തിന് വഴിമാറും. റബ്ബര്‍, നാളികേരം, നെല്ല് കൃഷിക്കുള്ള ആശ്വാസ നടപടിയും ബജറ്റിൽ ഇല്ല– രാജൻ പറഞ്ഞു.


എല്ലാവരെയും 
സ്‌പര്‍ശിക്കുന്ന 
ബജറ്റ്‌


എല്ലാ മേഖലകളെയും വിഭാഗങ്ങളെയും സ്‌പര്‍ശിക്കുന്നതാണ്‌ ബജറ്റെന്ന്‌ കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്. യുഡിഎഫ് പ്രകടന പത്രികയിലെ ഇന്ദിര ഗ്യാരന്റികള്‍ സാക്ഷാത്കരിക്കപ്പെടുന്നു. മിഷന്‍ സമുദ്ര പദ്ധതിയെ വിപ്ലവകരം എന്നു വിശേഷിപ്പിക്കാം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ കേരളം കാത്തിരിക്കുന്ന പദ്ധതിയാണെന്നും സണ്ണി ജോസഫ് പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home