രാജ്യതലസ്ഥാനത്ത് അലയടിച്ച് എസ്എഫ്ഐ പ്രതിഷേധം

ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് നടത്തിയ മാർച്ച്. ഫോട്ടോ പി വി സുജിത്
ന്യൂഡൽഹി : പ്രധാന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ കെടുകാര്യസ്ഥത, പ്രവേശന പ്രക്രിയകളിലെ ക്രമക്കേടുകൾ എന്നിവയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് എസ്എഫ്ഐ വമ്പിച്ച പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബിജെപി- ആർഎസ്എസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ വിദ്യാർഥി വിരുദ്ധ നയങ്ങൾക്കെതിരെ ഉയർന്ന പ്രക്ഷോഭത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് എസ്എഫ്ഐ പ്രവർത്തകർ പങ്കെടുത്തു.
പ്രതിഷേധം ആരംഭിക്കുന്നതിനു മുമ്പുതന്നെ പൊലീസിനെ ഉപയോഗിച്ച് വിദ്യാർഥി പ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിരുന്നു. രാവിലെ മുതൽ പ്രതിഷേധം നടക്കുന്നയിടങ്ങളിലും പ്രവർത്തകരുടെ താമസ സ്ഥലങ്ങളിലും തോക്കുകളും കണ്ണീർവാതക യൂണിറ്റുകളും ഉൾപ്പെടെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം വിനിയോഗിക്കുന്നതിൽ നിന്ന് വിദ്യാർഥികളെ തടയാനുള്ള ശ്രമമായിരുന്നു ഇതെന്ന് എസ്എഫ്ഐ വ്യക്തമാക്കി.
ജനാധിപത്യ പ്രതിഷേധത്തെ അടിച്ചമർത്താനായി ഡൽഹി പൊലീസ് കനത്ത പൊലീസ് സേനയെ വിന്യസിക്കുകയും മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. എസ്‌എഫ്‌ഐ പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് പ്രതിഷേധവുമായെത്തി. പ്രതിഷേധത്തിനിടെ, പ്രകടനം തടസ്സപ്പെടുത്താനും പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്താനുമായി നിരവധി എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥികളുടെ ചെറുത്തുനിൽപ്പും പ്രതിഷേധവും കാരണം കസ്റ്റഡിയിലെടുത്ത എല്ലാ പ്രവർത്തകരെയും പൊലീസ് വിട്ടയച്ചു.
പ്രതിഷേധം കൂടുതൽ ശക്തമായി മുന്നോട്ടുപോയതോടെ വിദ്യാർഥികൾക്ക് മുന്നിൽ പൊലീസിന് മുട്ടുമടക്കേണ്ടി വന്നു. തുടർന്ന് എസ്‌എഫ്‌ഐ പ്രതിനിധി സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിക്കാൻ പൊലീസ് തയ്യാറായി. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ, ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, വൈസ് പ്രസിഡന്റ് ശിൽപ എന്നിവർ മന്ത്രാലയത്തിലെത്തി നിവേദനം കൈമാറി. ചൊവ്വാഴ്‌ച ആവശ്യങ്ങളിൽ വിശദമായ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
വിഷയത്തിൽ നടപടി സ്വീകരിക്കുന്നതുവരെ എസ്‌എഫ്‌ഐ പോരാട്ടം ശക്തമാക്കുമെന്നും കൂടുതൽ വലിയ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും പ്രതിനിധി സംഘം വ്യക്തമാക്കി. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തുടർച്ചയായ തകർച്ച വിദ്യാർത്ഥികൾ സഹിക്കില്ലെന്നും എല്ലാ വിദ്യാർഥികൾക്കും നീതി ഉറപ്പാക്കുന്നതുവരെ പ്രവർത്തിക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കി.










0 comments