യുഡിഎഫ് സർക്കാരിന്റെ ബജറ്റ് നവലിബറല്‍ നയങ്ങളുടെ തിരിച്ചുവരവ്, കേരളത്തിന്റെ നേട്ടങ്ങളെ പിന്നോട്ട് വലിക്കുന്നത്: സിപിഐ എം

തിരുവനന്തപുരം : പൊതുസമ്പത്ത് സ്വകാര്യ മേഖലക്ക് തീറെഴുതുന്നതും കേരളത്തിന്റെ നേട്ടങ്ങളെ പിന്നോട്ട് വലിക്കുന്നതുമാണ് സംസ്ഥാന ബജറ്റ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മിഷന്‍ സമുദ്രയെന്ന പേരില്‍ അവതരിപ്പിച്ചിട്ടുള്ള പദ്ധതി ഫലത്തില്‍ സ്വകാര്യ മേഖലക്ക് തുറമുഖങ്ങള്‍ തുറന്നിട്ടുകൊടുക്കാനുള്ള നീക്കമാണ്. വിഴിഞ്ഞം പദ്ധതിക്കെതിരെ രംഗത്തുവന്ന് കലാപമൊരുക്കുന്നതിനോടൊപ്പം നിന്നവര്‍ തുറമുഖ വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് വെറും വാചക കസര്‍ത്താണ്. സതേണ്‍ കേരള ഇക്കണോമിക് ആൻഡ് റെയര്‍ എര്‍ത്ത് കോറിഡോര്‍ എന്ന പദ്ധതി അമൂല്യമായ കരിമണല്‍ ഖനനം സ്വകാര്യ മേഖലയില്‍ ഏല്‍പ്പിച്ചുകൊടുക്കാനുള്ള തുടക്കമാണ്. എല്‍ഡിഎഫ് ഗവണ്‍മെന്റ് തുടര്‍ച്ചയായി 10 വര്‍ഷം സ്വകാര്യ മേഖലയെ അകറ്റി നിര്‍ത്തിയ കരിമണല്‍ ഖനനം, വ്യവസായ നിക്ഷേപം എന്ന പേരില്‍ സ്വകാര്യ മേഖലക്ക് കടന്നുവരാനുള്ള
താണ്.
ജനകീയ പങ്കാളിത്തതോടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൂടി അദാനിക്ക് തീറെഴുതാനാണ് വ്യോമയാന നയത്തില്‍ കൂടിയുള്ള നീക്കം. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ മേഖലക്ക് കൊടുക്കാതിരിക്കാന്‍ ശ്രമിച്ച കേരളത്തിലെ എല്‍ഡിഎഫ് ഗവണ്‍മെന്റിനെ തോല്‍പ്പിക്കാനാണ് കേന്ദ്രം വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ചത്. കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള സാറ്റ്ലൈറ്റ് നിർമാണ വിക്ഷേപണത്തില്‍ സ്വകാര്യ പങ്കാളിത്തത്തിന് ശ്രമിക്കുകയാണ് ബജറ്റ്. കേരള ഗവണ്‍മെന്റ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ഒട്ടേറെ പദ്ധതികള്‍ പേര് മാറ്റി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നോളഡ്ജ് വാലി ഉദാഹരണം. എക്കാലവും വലതുപക്ഷ സര്‍ക്കാരുകളും കേന്ദ്ര ഗവണ്‍മെന്റും ഉറ്റുനോക്കുന്ന പദ്ധതിയാണ് വിദേശ യൂണിവേഴ്സിറ്റികള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുകയെന്നുള്ളത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അഭിമാനകരമായ നേട്ടം സാധാരണക്കാര്‍ക്കുണ്ടാക്കി കൊടുക്കുന്ന യൂണിവേഴ്സിറ്റികളെ മറികടക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍.
എക്കാലവും ഭൂപരിഷ്ക്കരണ നടപടികളെ അട്ടിമറിച്ച് പോന്ന പാരമ്പര്യമുള്ള കോണ്‍ഗ്രസ് രണ്ടാം ഭൂപരിഷ്ക്കരണം നടപ്പിലാക്കുമെന്ന് പറയുന്നത് വിശ്വസനീയമല്ല. ഇന്ദിരാ ഗ്യാരണ്ടിയില്‍ പെടുത്തി ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 25 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ് ഇതിനുവേണ്ടി മാറ്റിവച്ചിട്ടുള്ളത് 10 കോടി രൂപ മാത്രമാണ്. പ്രവാസി ക്ഷേമത്തിനുവേണ്ടി നാമമാത്രമായ തുക പോലും മാറ്റിവച്ചിട്ടില്ല.
കേരളത്തില്‍ 5 ലക്ഷത്തിലേറെ വീടുകള്‍ നിര്‍മ്മിച്ച് കൈമാറിയ എല്‍ഡിഎഫിന്റെ ലൈഫ് പദ്ധതി, 31 ലക്ഷം സ്ത്രീകള്‍ളുടെ ക്ഷേമത്തിനുവേണ്ടി വിഭാവനം ചെയ്ത 16 ലക്ഷം പേര്‍ക്ക് 1,000 രൂപ വീതം സഹായം നല്‍കിയ സ്ത്രീ സുരക്ഷാ പദ്ധതി, വിദ്യാർഥികള്‍ക്ക് നല്‍കിയിരുന്ന കണക്ട് ടു വര്‍ക്ക് പദ്ധതി എന്നിവ തകര്‍ത്തു. ഒരു ലക്ഷത്തോളം കോടി രൂപയുടെ വികസന പദ്ധതികള്‍ അടിസ്ഥാന മേഖലയില്‍ ചെലവാക്കിയ കിഫ്ബിക്കെതിരായ പ്രചരണങ്ങളും യുഡിഎഫിന്റെ ലക്ഷ്യം വ്യക്തമാക്കുന്നതാണ്.
ഇലക്ഷന്‍ കാലത്ത് യുവതയെ കയ്യിലെടുക്കുന്നതിനുവേണ്ടി പ്രഖ്യപിച്ചതാണ് മോട്ടോര്‍ വാഹനങ്ങളുടെ രൂപമാറ്റം ഏത് രൂപത്തിലും എപ്പോള്‍ വേണമെങ്കിലും നടത്താന്‍ അനുമതി നല്‍കുമെന്ന പ്രഖ്യാപനം. ഇതിനെക്കുറിച്ച് ബജറ്റില്‍ ഒരക്ഷരം പരാമര്‍ശിക്കുന്നില്ല. ശബരിമലക്ക് മാത്രം ആയിരക്കണക്കിന് കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ പത്ത് വര്‍ഷത്തെ ഗവണ്‍മെന്റ് നല്‍കിയിരുന്നു. ആ സ്ഥാനത്താണ് 5 കോടി രൂപയുടെ ബജറ്റ് പ്രഖ്യാപനം. ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം അട്ടിമറിക്കുന്നതാണ് ധവളപത്രത്തിലെന്നപോലെ ബജറ്റിലേയും പ്രഖ്യാപനം.
ചുരുക്കത്തില്‍ നവലിബറല്‍ നയങ്ങളുടെ തിരിച്ചുവരവാണ് ഈ ബജറ്റില്‍ കൂടി പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ കരിനിഴല്‍ വീഴ്ത്തുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഫെഡറല്‍ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ നയപ്രഖ്യാപനത്തിലെന്ന പോലെ ഈ ബജറ്റിലും പരാമർശമില്ല. ഗവര്‍ണ്ണര്‍ ഒരു സമാന്തര അധികാര കേന്ദ്രമായി മാറിക്കഴിഞ്ഞ സംസ്ഥാനത്ത്, ഉന്നത വിദ്യാഭ്യാസ മേഖല നാനാവിധമാക്കുന്ന ഗവര്‍ണ്ണറുടെ നടപടികളെ നിശബ്ദം നോക്കി നില്‍ക്കുകയാണ് യുഡിഎഫ് ഗവണ്‍മെന്റ്. സംസ്ഥാനത്തിന്റെ വളര്‍ച്ചക്കുവേണ്ടി എല്‍ഡിഎഫ് ഗവണ്‍മെന്റ് അടിത്തറയിട്ട വികസന പദ്ധതികളും, ജനക്ഷേമ സാമൂഹ്യ സുരക്ഷാ പദ്ധതികളും രാഷ്ട്രീയ വിരോധം മൂലം തകര്‍ത്തിരിക്കുകയാണ് യുഡിഎഫ് ഗവണ്‍മെന്റ്. അതിന്റെ പ്രഖ്യാപനമാണ് ഈ ബജറ്റ്. ശക്തമായ ബഹുജന പ്രക്ഷോഭം ഈ സമീപനത്തിനെതിരെ ഉയര്‍ന്നുവരുമെന്ന് ഉറപ്പാണ്. പുരോഗമനപരമായ നിരവധി പദ്ധതികളെ നിഷ്കരുണം തകര്‍ത്ത് കളയുന്ന സമീപനത്തിനെതിരെ ശക്തമായ പ്രതികരണത്തിന് വിവിധ ജനവിഭാഗങ്ങള്‍ തയ്യാറാകണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.










0 comments