ബിജെപിയെ വേദനിപ്പിക്കുന്ന ഒരു വാക്കുപോലും പറയരുത് എന്ന സമീപനമാണോ സതീശന്?: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേരളം നേരിടുന്ന കടുത്ത ധനഞെരുക്കത്തിന് കാരണം കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക വിവേചനമായിരുന്നിട്ടും, പുതിയ സംസ്ഥാന ബജറ്റിൽ അതിനെതിരെ ഒരു വാക്ക് പോലും പറയാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറായിട്ടില്ലെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. ബിജെപിയെ വേദനിപ്പിക്കുന്ന ഒരു വാക്കുപോലും പറയരുത് എന്ന സമീപനമാണോ മുഖ്യമന്ത്രിക്കുള്ളതെന്ന് സതീശൻ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബിജെപി ഇതര സംസ്ഥാനങ്ങളെല്ലാം കേന്ദ്ര അവഗണന നേരിടുമ്പോൾ, ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര നയങ്ങളെ വിമർശിക്കാൻ മുഖ്യമന്ത്രി മടിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദി സർക്കാർ മുന്നോട്ടുവെക്കുന്ന തീവ്ര ഉദാരവൽക്കരണ നയങ്ങളുടെ പകർപ്പാണ് ഈ ബജറ്റ്. കേരളത്തിന്റെ സമുദ്രതീരത്തും ധാതുമണൽ നിക്ഷേപങ്ങളിൽ പൂർണ്ണമായ സ്വകാര്യ നിക്ഷേപങ്ങൾ അനുവദിക്കുന്നതിനുള്ള നീക്കവും റവന്യൂ ഭൂമി വാണിജ്യാവശ്യങ്ങൾക്കായി ഉദാരമായി അനുവദിച്ചുകൊടുക്കുന്ന സമീപനവും ഇതിന് തെളിവാണ്. ജവഹർലാൽ നെഹ്റു ആവിഷ്കരിച്ച ആസൂത്രണ പ്രക്രിയയെ ഇല്ലാതാക്കാനുള്ള ബിജെപി നിലപാടിന്റെ തുടർച്ചയാണ് സംസ്ഥാന ആസൂത്രണ ബോർഡിനെ വെറും ഒരു 'തിങ്ക് ടാങ്ക്' ആക്കി മാറ്റുമെന്ന ബജറ്റ് പ്രഖ്യാപനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി ഡി സതീശൻ ഉന്നയിച്ചിരുന്ന സാമ്പത്തിക ആരോപണങ്ങളെല്ലാം തെറ്റായിരുന്നെന്ന് അദ്ദേഹം തന്നെ അവതരിപ്പിച്ച ധവളപത്രവും ബജറ്റും തെളിയിക്കുന്നുണ്ട്. കേരളം 6 ലക്ഷം കോടിയുടെ കടക്കെണിയിലാണെന്ന് ആരോപിച്ചവർ ഇപ്പോൾ ആകെ കടം 5.07 ലക്ഷം കോടിയാണെന്ന് സമ്മതിച്ചിരിക്കുകയാണ്. രണ്ടാം പിണറായി സർക്കാർ ചുമതലയൊഴിയുമ്പോൾ യഥാർത്ഥ കടം 4.88 ലക്ഷം കോടി മാത്രമായിരുന്നു. കടം-ജിഎസ്ഡിപി റേഷ്യോ 38 ശതമാനത്തിൽ നിന്ന് 33.5 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഇടതുപക്ഷ സർക്കാരിന് കഴിഞ്ഞിരുന്നു.
ഓരോ അഞ്ചുവർഷവും കടം 90 മുതൽ 100 ശതമാനം വരെ വർദ്ധിക്കുന്ന രീതി മാറ്റി, കടം വർദ്ധിക്കുന്ന നിരക്ക് 60 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞതും മികച്ച സാമ്പത്തിക മാനേജ്‌മെന്റ് കൊണ്ടാണ്. രാജ്യത്ത് ഏറ്റവും കടമുള്ള ആദ്യ 15 സംസ്ഥാനങ്ങളുടെ പട്ടികയിൽ പോലും കേരളമില്ല. കൂടാതെ സിഎജിയുടെ 2026 ജൂൺ 16-ലെ ദшവർഷിക റിപ്പോർട്ട് പ്രകാരം സ്വന്തം വരുമാനം മെച്ചപ്പെടുത്തിയ സംസ്ഥാനങ്ങളിൽ കേരളം നാലാമതാണ്. 6000 കോടി രൂപ ബാലൻസ് ഉള്ള ഖജനാവാണ് ഇടതുപക്ഷ സർക്കാർ പുതിയ സർക്കാരിന് കൈമാറിയത്.
പ്രതിപക്ഷത്തിരുന്നപ്പോൾ നികുതി കുടിശ്ശികയിലൂടെയും ഐജിഎസ്ടിയിലൂടെയും ലക്ഷം കോടികൾ ഖജനാവിലിറക്കുമെന്ന് സതീശൻ പറഞ്ഞ വീരവാദങ്ങളെക്കുറിച്ച് ബജറ്റിൽ ഒരു പരാമർശം പോലുമില്ല. അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിശ്ചയിക്കുന്നതിലൂടെ വൻകിട മദ്യക്കമ്പനികളെ സഹായിക്കാനും വലിയ കോർപ്പറേറ്റ് അഴിമതിക്കും പുതിയ ബജറ്റ് കളമൊരുക്കുന്നുണ്ടെന്നും കെ എൻ ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.










0 comments