ad
Deshabhimani

ബജറ്റിൽ ക്ഷേമപദ്ധതികൾക്ക് തിരിച്ചടി, 5380 കോടി രൂപ വെട്ടിക്കുറച്ചു: കെ എൻ ബാലഗോപാൽ

satheeshan kn balagopal
വെബ് ഡെസ്ക്

Published on Jun 19, 2026, 09:03 PM | 2 min read

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ സംസ്ഥാനത്തിന്റെ പദ്ധതിയടങ്കലിലും സാധാരണക്കാർക്ക് ലഭിക്കേണ്ട പ്രധാനപ്പെട്ട ക്ഷേമ പദ്ധതികളിലും വൻതോതിലുള്ള തുക വെട്ടിക്കുറച്ചതായി മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. മുൻ ഇടതുപക്ഷ സർക്കാർ നിശ്ചയിച്ചിരുന്ന വിഹിതങ്ങളിൽ വലിയ കുറവാണ് പുതിയ ബജറ്റിൽ വരുത്തിയിട്ടുള്ളതെന്നും ഇത് താഴെത്തട്ടിലുള്ള വികസന പ്രവർത്തനങ്ങളെയും സാധാരണക്കാരെയും നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


എൽഡിഎഫ് ബജറ്റിൽ 35,750 കോടി രൂപയായിരുന്ന പദ്ധതി അടങ്കൽ, സതീശൻ സർക്കാർ 30,070 കോടി രൂപയായി വെട്ടിച്ചുരുക്കി. ഒറ്റയടിക്ക് 5,380 കോടിയുടെ കുറവാണുണ്ടായത്. തദ്ദേശ സ്ഥാപനങ്ങൾ വഴി ഗ്രാമങ്ങളിലും നഗരങ്ങളിലും നടക്കേണ്ട വികസന പ്രവർത്തനങ്ങൾക്കുള്ള വിഹിതത്തിൽ നിന്നും 1,534 കോടി രൂപയും കുറച്ചിട്ടുണ്ട്. കോവിഡ് വർഷങ്ങളിലൊഴികെ എപ്പോഴും പദ്ധതിയടങ്കൽ വർദ്ധിപ്പിച്ച എൽഡിഎഫ് ശൈലിക്ക് വിരുദ്ധമാണിത്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ലഭിക്കില്ലെന്ന് പറഞ്ഞാണ് ഈ വെട്ടിക്കുറവെങ്കിലും, പതിനാറാം ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് കേന്ദ്രം അന്തിമമായി അംഗീകരിച്ചിട്ടില്ലാത്തതിനാൽ ഈ തുക കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കാനുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടുന്നു.


സാധാരണക്കാർക്ക് നേരിട്ട് പ്രയോജനം ലഭിച്ചിരുന്ന ക്ഷേമപദ്ധതികളെയാണ് ഈ തുക വെട്ടിക്കുറയ്ക്കൽ പ്രധാനമായും ബാധിക്കുക:


സ്ത്രീസുരക്ഷാ പദ്ധതി: 35-നും 60-നും ഇടയിൽ പ്രായമുള്ള 20 ലക്ഷം സ്ത്രീകൾക്ക് മാസം 1000 രൂപ നൽകിയിരുന്ന പദ്ധതിയുടെ വിഹിതം 3,720 കോടിയിൽ നിന്ന് 1,950 കോടിയായി കുറച്ചു. (1,770 കോടിയുടെ വലിയ കുറവാണ് വരുത്തിയത്).


കണക്ട് ടു വർക്ക് സ്കോളർഷിപ്പ്: യുവാക്കൾക്കുള്ള സ്കോളർഷിപ്പ് തുക 400 കോടിയിൽ നിന്ന് 142 കോടിയാക്കി ചുരുക്കി.


കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി: പാവപ്പെട്ടവർക്ക് ചികിത്സാസഹായം നൽകുന്ന പദ്ധതിയുടെ വിഹിതത്തിൽ 198 കോടി രൂപയാണ് വെട്ടിക്കുറച്ചത്.


തൊഴിലുറപ്പ് പദ്ധതി: സംസ്ഥാന വിഹിതത്തിൽ 598 കോടി രൂപ കുറച്ചതോടെ ഗ്രാമീണ മേഖലയിലെ തൊഴിൽ ദിനങ്ങളിൽ വലിയ കുറവുണ്ടാകും.


റബ്ബർ താങ്ങുവില: നിലവിൽ വിപണിയിൽ കിലോയ്ക്ക് 270 രൂപ വിലയുള്ളപ്പോഴാണ് ബജറ്റിൽ താങ്ങുവില 250 രൂപയായി പ്രഖ്യാപിച്ച് കർഷകരെ കബളിപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home