'ഒരു സ്വതന്ത്ര രാജ്യത്തും ഇങ്ങനെ സംഭവിക്കരുത്'; ചർച്ചയായി കാനഡയിലെ 'എക്സിറ്റ് ടാക്സ്'

പ്രതീകാത്മക ചിത്രം
ക്യൂബെക്ക്: കാനഡ വിട്ടുപോകുന്ന പൗരന്മാർക്ക് രാജ്യം ചുമത്തുന്ന ഭീമമായ 'എക്സിറ്റ് ടാക്സിനെതിരെ' (Deemed Disposition) സോഷ്യൽ മീഡിയയിൽ ഒരാൾ പങ്കുവെച്ച കുറിപ്പ് പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കാനഡയിലെ ക്യൂബെക്ക് പ്രവിശ്യയിൽ നിന്നും രാജ്യം വിടാൻ ഒരുങ്ങുന്നതിനിടെ തന്റെ അക്കൗണ്ടന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇയാൾ നിരാശയോടെ എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റിട്ടത്.
കാനഡയിലെ ക്യൂബെക്ക് വിട്ടുപോകുമ്പോൾ ടാക്സ് ഇനത്തിൽ എത്ര വലിയ തുകയാണ് നൽകേണ്ടി വരിക എന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി എന്നാണ് ഇയാൾ കുറിച്ചത്. "ഒരു സ്വതന്ത്ര സമൂഹത്തിലെയും ഒരു മനുഷ്യനും തന്റെ കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയ പണം ഇത്തരത്തിൽ നഷ്ടപ്പെടാൻ പാടില്ലാത്തതാണ്. ഇത് കണ്ട് ഞാൻ ശരിക്കും നിശ്ശബ്ദനായിപ്പോയി, എനിക്ക് വാക്കുകളില്ല" - അദ്ദേഹം കുറിച്ചു. ഈ സാമ്പത്തിക ബാധ്യത തന്നെ മാനസികമായി തളർത്തിയെന്നും ഇയാൾ കൂട്ടിച്ചേർത്തു.
പോസ്റ്റ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വൻ ചർച്ചകളാണ് നടക്കുന്നത്. കാനഡയിലെ ഉയർന്ന നികുതി നിരക്കുകളെ (ഏകദേശം 65% വരെ) വിമർശിച്ചുകൊണ്ട് ചിലർ രംഗത്തെത്തിയപ്പോൾ, യുണൈറ്റഡ് സ്റ്റേറ്റ്സ് (US) പോലെയുള്ള രാജ്യങ്ങളിലേക്ക് മാറുന്നതാണ് പണം സമ്പാദിക്കാനും അത് നിലനിർത്താനും നല്ലതെന്നായിരുന്നു മറ്റ് ചിലരുടെ ഉപദേശം.
എന്നാൽ കാനഡയിലെ നികുതി വ്യവസ്ഥയെ ന്യായീകരിച്ചുകൊണ്ടും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. കാനഡയിൽ നിന്നും സ്ഥിരമായി താമസം മാറുമ്പോഴോ അല്ലെങ്കിൽ ഒരാൾ മരണപ്പെടുമ്പോഴോ അവിടുത്തെ നിയമപ്രകാരം ഇത്തരത്തിൽ 'ഡീംഡ് ഡിസ്പോസിഷൻ' ടാക്സ് ഈടാക്കാറുണ്ട്. അതായത്, നിങ്ങൾ രാജ്യം വിടുന്ന സമയത്ത് നിങ്ങളുടെ ആസ്തികളെല്ലാം വിറ്റഴിച്ചതായി കണക്കാക്കിയാണ് നികുതി ചുമത്തുന്നത്. ഇത് എല്ലാവർക്കും ബാധകമായ ഒരു സാധാരണ നികുതി ഘടന മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. "ഈ രാജ്യം നിങ്ങളെ പണം സമ്പാദിക്കാൻ അനുവദിച്ചു, ഇപ്പോൾ കൂടുതൽ സമ്പാദിക്കാൻ മറ്റൊരിടത്തേക്ക് പോകുമ്പോൾ ഇവിടുത്തെ വിഹിതം നൽകാൻ എന്തിനാണ് ഇത്ര വിഷമിക്കുന്നത്" എന്ന രീതിയിലുള്ള വിമർശനങ്ങളും പോസ്റ്റിന് താഴെ വരുന്നുണ്ട്.









0 comments