print edition തിരുവള്ളുവരെയും ഗവര്‍ണര്‍ കാവിയണിയിച്ചു; വിമര്‍ശം ശക്തം

ചെന്നൈ
: തമിഴ് കവിയും ദാർശനികനുമായ തിരുവള്ളുവര്‍ കാവി വസ്‌ത്രം ധരിച്ചതായി ചിത്രീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നടപടിയില്‍ തമിഴ്നാട്ടില്‍ വ്യാപക വിമര്‍ശം. കാവിവസ്ത്രധാരിയായ തിരുവള്ളുവര്‍ ചിത്രത്തില്‍ ഗവര്‍ണര്‍ പുഷ്‌പാർച്ചന നടത്തുന്ന ചിത്രം പ്രചരിച്ചതോടെയാണ് ശക്തമായ പ്രതിഷേധമുയര്‍ത്തി ഭരണകക്ഷിയായ ടിവികെയും പ്രതിപക്ഷമായ ഡിഎംകെയും രംഗത്തെത്തി.
നിലവിലെ മുഖ്യമന്ത്രി എപ്പോഴും മൗനത്തിലായതുകൊണ്ട് മാത്രമാണ് തിരുവള്ളുവരെ വീണ്ടും കാവി പൂശാൻ ഗവർണറുടെ മന്ദിരത്തിന് ധൈര്യം വന്നതെന്ന് പ്രതിപക്ഷനേതാവ് ഉദയനിധി പറഞ്ഞു.
തമിഴ്‌നാട് സർക്കാർ ഔദ്യോഗികമായി ജനുവരിയിലാണ് തിരുവള്ളുവർ ദിനം ആഘോഷിക്കുന്നത്. എന്തുകൊണ്ടാണ് മെയ് 30ന് തിരുവള്ളുവർ ദിനം ആചരിക്കുന്നതെന്നും ഉദയനിധി ചോദിച്ചു.
ലോകമെന്പാടും അറിയപ്പെടുന്ന തിരുവള്ളുവരെ ഇടുങ്ങിയ സ്വത്വത്തിലേക്ക് ഒതുക്കാനുള്ള ശ്രമം അദ്ദേഹത്തിന്റെ സാർവത്രിക വീക്ഷണത്തെ ചെറുതാക്കി കാണിക്കുന്നതിന് തുല്യമാണെന്ന് ടിവികെ നേതാവും ആരോഗ്യ- മന്ത്രിയുമായ ഡോ. അരുൺരാജ് പറഞ്ഞു.
മുന്‍ ഗവര്‍ണര്‍ ആര്‍ എല്‍ രവി കാവി വസ്‌ത്രം ധരിച്ച തിരുവള്ളുവര്‍ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത് തമിഴ്നാട്ടില്‍ വന്‍ വിവാദമായിരുന്നു.
എന്നാല്‍ തമിഴ് ജനതയുടെ വികാരം മാനിക്കാതെ ഗവര്‍ണര്‍ ആര്‍ലേക്കര്‍ സമാന ചിത്രത്തില്‍ തന്നെ പുഷ്പാര്‍ച്ചന നടത്തുകയായിരുന്നു.










0 comments