print edition തിരുപ്പറംകുണ്ഡ്രം;കൽത്തൂണിൽ ദീപം തെളിക്കാൻ ക്ഷേത്ര ട്രസ്റ്റ് അനുവദിച്ചില്ലെന്ന് കലക്‌ടർ

ന്യൂഡൽഹി : തിരുപ്പറംകുണ്ഡ്രത്തെ കുന്നിലെ കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് കലക്‌ടർ സുപ്രീംകോടതിയെ അറിയിച്ചു. ഉച്ചി പിള്ളയർ ക്ഷേത്രത്തിനടുത്തുള്ള പതിവ് സ്ഥലത്ത് മാത്രമാണ് തെളിച്ചതെന്നും കൽത്തൂണിൽ ദീപം തെളിക്കുന്നത് ആചാരത്തിന്റെ ലംഘനമാകുമെന്നുകാട്ടി ക്ഷേത്ര ട്രസ്‌റ്റ് എതിർത്തുവെന്നും സത്യവാങ്‌മൂലത്തിൽ പറഞ്ഞു.
തുടർന്ന് ജസ്‌റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജരിയ എന്നിവരുടെ ബെഞ്ചിനുമുമ്പാകെ കലക്‌ടർ നിഷാന്ത് കൃഷ്ണ മാപ്പ് പറഞ്ഞു. സർക്കാർ ക്ഷേത്രം ട്രസ്‌റ്റിനെ ഉപയോഗിച്ച് ദീപം തെളിക്കൽ തടഞ്ഞുവെന്ന് ഹൈക്കോടതിയിൽ കേസ് നൽകിയയാൾ വാദിച്ചു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കോടതി സ്വമേധയാ നടപടിയെടുക്കില്ലെന്നും വേണമെങ്കിൽ ഹർജി നൽകാമെന്നും ബെഞ്ച് പറഞ്ഞു. ഇതോടെ കോടതി അലക്ഷ്യകേസ് ഫയൽ ചെയ്‌തു.
ഇത് അടുത്ത ദിവസം കോടതി പരിശോധിക്കും. തിരുപ്പറംകുണ്ഡ്രത്ത് ഒറ്റതവണത്തേക്ക് കാർത്തിക ദീപം തെളിക്കാനാണ് കോടതി അനുമതി നൽകിയത്. തുടക്കം മുതലേ ക്ഷേത്രം ഇൗ ആവശ്യത്തെ എതിർത്തിരുന്നു. കൽത്തൂൺ സർവേക്കല്ലാണെന്നാണ് തമിഴ്‌നാട് സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിഷയത്തെ സംഘപരിവാർ വർഗീയവൽക്കരിച്ചതോടെ ക്രമസമാധാന പ്രശ്‌നങ്ങളുമുണ്ടായി.
അതേസമയം, സംഭവത്തിൽ ഗവർണർ തമിഴ്നാട് സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.









0 comments