ധരാലിയിലേയ്‌ക്ക്‌ വഴികളില്ല;രക്ഷാപ്രവർത്തനത്തിന്‌ കരസേനയുടെ കൂടുതൽ സംഘം

Uttarakashi Massive flooding
avatar
സ്വന്തം ലേഖകൻ

Published on Aug 07, 2025, 12:14 PM | 2 min read

ന്യൂഡൽഹി : ചൊവ്വാഴ്‌ചയുണ്ടായ മേഘവിസ്‌ഫോടനത്തിൽ തകർന്നടിഞ്ഞ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ ഒരു ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം പൂർണ്ണതോതിൽ തുടങ്ങാനായില്ല. ഗ്രാമത്തിലേയ്‌ക്കുള്ള റോഡും പാലങ്ങളും ഒന്നാകെ മണ്ണിടിച്ചിലിൽ തകർന്നടിഞ്ഞു. രണ്ട്‌ മൃതദേഹംമാത്രമാണ്‌ പുറത്തെടുക്കാൻ കഴിഞ്ഞത്‌. ആകാശ്‌ പൻവർ (35) എന്നായാളെ തിരിച്ചറിഞ്ഞു.

മണ്ണിനടിയിലായ ഗ്രാമത്തിലേയ്‌ക്ക്‌ വലിയ ക്രൈയ്‌നും മറ്റ്‌ ഉപകരണങ്ങളും എത്തിക്കാനായിട്ടില്ല. നൂറുകണക്കിന്‌ പേർ മണ്ണിനടിയിലാണെന്നും ദുരന്തത്തിന്റെ വ്യാപ്‌തി ഭീകരമാണെന്നും പ്രദേശവാസികൾ പറഞ്ഞു. ഇതുവരെ 190പേരെ രക്ഷപ്പെടുത്തിയെന്ന്‌ മുഖ്യമന്ത്രി പുഷ്‌കർ സിങ്‌ ധാമി പ്രതികരിച്ചു. അഞ്ചുമരണമെന്നാണ്‌ നിലവിൽ വിവരം.അറുപതോളം പേരെ കാണാനില്ലന്നാണ്‌ അധികൃതർ പറഞ്ഞത്‌. പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി ഗ്രാമവാസികളെ ആശ്വസിപ്പിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി ഉത്തരകാശിയിൽ ക്യാമ്പ്‌ ചെയ്യുകയാണ്‌. ഗംഗോത്രിയിലേക്കുള്ള വഴിയിലെ ഇടത്താവളമായ ഇവിടെ പ്രദേശവാസികൾക്ക്‌ പുറമേ മറ്റ്‌ സംസ്ഥാനക്കാരും അപകടത്തിൽപ്പെട്ടിരിക്കാമെന്നാണ്‌ വിലയിരുത്തൽ. ധരാലിയിൽ കുടുങ്ങിയ 13 സൈനീകരെ രക്ഷിച്ച്‌ ഐടിബിപി ക്യാമ്പിൽ എത്തിച്ചു. അത്യന്തം ദുഷ്‌കരമായ രക്ഷാപ്രവർത്തനത്തിന്‌ സൈന്യം, ഐടിബിപി, എസ്ഡിആർഎഫ്, എൻഡിആർഎഫ്, പ്രാദേശിക സർക്കാർ എന്നിവരാണ്‌ നേതൃത്വം നൽകുന്നത്‌. ഋഷികേശ് എയിംസിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി.


ബുധൻ വൈകിട്ടോടെ കേണൽ ഹർഷവർദ്ധന്റെ നേതൃത്വത്തിൽ 150 പേർ അടങ്ങുന്ന കരസേനയുടെ പ്രത്യേക സംഘവും എഞ്ചിനീയർമാരും ധരാലിയിൽ പ്രവേശിച്ചു. ഭട്വാരി, ഹർസിൽ എന്നിവിടങ്ങളിലെ ഹെലിപാഡുകൾ വീണ്ടെടുത്ത്‌ ബുധൻ വൈകിട്ട്‌ അഞ്ചുമണിയോടെ സിവിൽ ഹെലികോപ്‌റ്ററുകൾ രക്ഷാപ്രവർത്തനത്തിൽ ചേർന്നു. പരിക്കേറ്റവരെ മാറ്റുന്നതിനൊപ്പം ഉപകരണങ്ങളും വ്യോമമാർഗം എത്തിച്ചുതുടങ്ങി.അനുമതി ലഭിക്കുന്ന മുറയ്‌ക്ക്‌ വ്യോമസേനയുടെ ചിനൂക്ക്, എംഐ- 17, എഎൽഎച്ച് ഹെലികോപ്റ്ററുകൾ ചണ്ഡീഗഢിലെ ജോളി ഗ്രാന്റിൽ നിന്നും സർസാവയിലും പറന്നുയരും. റോഡുകൾ പൂർണ്ണമായി ഇല്ലാതായതോടെ അവ പുനഃസ്ഥാപിക്കുന്നതിനാണ്‌ മുൻഗണന. താൽക്കാലിക പാലങ്ങളും വൈദ്യുതി ബന്ധവും യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കുകയാണ്‌. ഭട്വാരിയിൽ തകർന്ന പ്രധാന റോഡ്‌ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ഒന്നിലധികം സംഘങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നു. ബുധൻ പകൽ പെയ്‌ത കനത്ത മഴയും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഹരിദ്വാറിൽ ഗംഗ നദി അപകട നിലയിലെത്തി.


28 മലയാളികൾ സുരക്ഷിതർ


മുംബൈയിൽ നിന്നുള്ള 20 പേരടക്കം ദുരന്തത്തിൽപ്പെട്ട 28 മലയാളികളും സുരക്ഷിതർ. ഹരിദ്വാറിൽ നിന്ന്‌ പുറപ്പെട്ട ഇവരെ ബുധനാഴ്‌ച ഗംഗോത്രിക്ക്‌ സമീപം കണ്ടെത്തി. സ്‌ത്രീകൾ അടങ്ങുന്ന സംഘത്തെ ഐടിബിപി ക്യാമ്പിലേയ്‌ക്ക്‌ മാറ്റി. ചൊവ്വാഴ്‌ച മുതൽ സംഘത്തെ ബന്ധപ്പെടാൻ കഴിയാത്തത്‌ ആശങ്കയായിരുന്നു. 51 മഹാരാഷ്‌ട്രക്കാരും സുരക്ഷിതരാണ്‌.

കൂടുതൽ മലയാളികളെ സംബന്ധിച്ച്‌ നിലവിൽ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലന്ന്‌ ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home