രാജ്യത്ത് നിലവിൽ 5,608 കോവിഡ് ബാധിതർ; നാല് മരണം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. ആകെ 5,608 കേവിഡ് രോഗ ബാധിതരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,092 പേര്‍ രോഗമുക്തരായതായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. പഞ്ചാബ്, ഡൽഹി, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 120 പേരാണ് ഈ വർഷം കോവിഡ് ബാധിച്ച് മരിച്ചത്.
നിരവധി സംസ്ഥാനങ്ങളിൽ ദിവസേനയുള്ള കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. കേരളത്തിൽ 125 കേസുകൾ കുറഞ്ഞു.1,184 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. ഗുജറാത്ത് - 912, ഡൽഹി - 630, കർണാടക - 398, മഹാരാഷ്ട്ര - 389 എന്നിങ്ങനെയാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഏഷ്യ, യുകെ, യുഎസ് വൻകരകളിൽ കോവിഡിന്റെ പുതിയൊരു വകഭേദം കൂടി പടർന്നുപിടിക്കുന്നതായാണ് റിപ്പോർട്ട്. NB.1.8.1 എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന 'നിംബസ്' എന്ന കോവിഡ് വകഭേദമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇത് ഒമിക്രോൺ വകഭേദത്തിന്റെ ഉപ വകഭേദമാണ്.
ഒമിക്രോൺ വകഭേദമായ എക്സ്‌എഫ്‌ജിയുടെ സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ ജീനോമിക്സ് കൺസോർഷ്യം അറിയിച്ചിരുന്നു. ഒമിക്രോൺ ഉപവകഭേദങ്ങളായ ജെഎൻ1, എൽഎഫ് 7, എക്സ്‌എഫ്‌ജി തുടങ്ങിയവ ഇന്ത്യയിൽ പരക്കുന്നതായി നേരത്തെ ഐസിഎംആർ സ്ഥിരീകരിച്ചിരുന്നു. കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.









0 comments