തേനിയിൽ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കൂറ്റൻ റാലി
print edition കർഷകരെയും ആദിവാസികളെയും കുടിയിറക്കാൻ അനുവദിക്കില്ല

തേനി: ശ്രീവില്ലിപുത്തൂർ– മേഘമല കടുവാ സങ്കേതത്തിന്റെ പേരിൽ കർഷകരെയും ആദിവാസികളെയും കൈയേറ്റക്കാരെന്ന് മുദ്രകുത്തി കുടിയിറക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് തേനിയിൽ വൻ പ്രതിഷേധം. കുടിയിറക്കാൻ നിർദേശിച്ച സുപ്രീംകോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാർ പുനഃപരിശോധനാ ഹർജി നൽകണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കർഷക സംഘത്തിന്റെയും മറ്റ് വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന തേനി കലക്‌ടറേറ്റ് മാർച്ചിൽ പതിനായിരങ്ങൾ അണിചേർന്നു.
സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം ഉദ്ഘാടനംചെയ്‌തു. 98 ഗ്രാമങ്ങളിലെ ജനങ്ങളെയാകെ കുടിയൊഴിപ്പിക്കുന്ന കോടതിവിധി നീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. 2006-ലെ വനാവകാശ നിയമപ്രകാരം കർഷകർക്ക് പട്ടയം നൽകണം. മുഖ്യമന്ത്രി വിജയ്‌യെ കണ്ട് പ്രശ്നങ്ങൾ വിശദീകരിച്ചു. ജനങ്ങളെ സംരക്ഷിക്കാൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും ഷൺമുഖം പറഞ്ഞു. കുടിയൊഴിപ്പിക്കുമെന്ന സൂചന നൽകി മേഖലയിലെ ഗതാഗതം, വൈദ്യുതി, റേഷൻ വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നിർത്താൻ അധികൃതർ തീരുമാനിച്ചിരുന്നു.
കർഷകസംഘം ജില്ലാ സെക്രട്ടറി ഡി കണ്ണൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ ബാലഭാരതി, പി ദില്ലി ബാബു തുടങ്ങിയവർ സംസാരിച്ചു. റാലിക്കുശേഷം കലക്‌ടർക്ക് നിവേദനംനൽകി. കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ ഉടൻ പുനഃപരിശോധനാ ഹർജി നൽകുമെന്നും അതിനുള്ള പ്രവർത്തനം നടന്നുവരികയാണെന്നും കലക്‌ടർ മറുപടി നൽകി.










0 comments