സ്ഥലം മാറ്റിയത് ദ്രോഹിക്കാൻ; ചന്ദ്രചൂഡിന്റെ കൊളീജിയത്തെ ദൈവം വെറുതെ വിടില്ല; വിരമിക്കൽ പ്രസംഗത്തിൽ ഹൈക്കോടതി ജഡ്‌ജി


സ്വന്തം ലേഖകൻ
Published on May 20, 2025, 09:50 PM | 1 min read
ന്യൂഡൽഹി : മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം സ്ഥലം മാറ്റി ദ്രോഹിച്ചുവെന്ന ആരോപണവുമായി വിരമിക്കൽ പ്രസംഗത്തിൽ ഹൈക്കോടതി ജഡ്‌ജി. ജൂൺ രണ്ടിന് മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് വിരമിക്കാനാനിരിക്കുന്ന ജസ്റ്റിസ് ഡി വി രമണയുടേതാണ് വെളിപ്പെടുത്തൽ.
ഗുരുതരമായ രോഗം ബാധിച്ച ഭാര്യയെ ശിശ്രൂഷിക്കാൻ കർണാടകയിലേയ്‌ക്ക് സ്ഥലം മാറ്റം ചോദിച്ചിട്ട് കൊളീജിയം പരിഗണിച്ചില്ലന്നും അവരെ ദൈവം വെറുതെ വിടില്ലന്നും അദ്ദേഹം പറഞ്ഞു. നിംഹാൻസിൽ എന്റെ ഭാര്യക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ സ്ഥലംമാറ്റത്തിനായി കർണാടക തെരഞ്ഞെടുത്തുവെങ്കിലും മധ്യപ്രദേശിലേയ്‌ക്ക് അയച്ചു. 2023 നവംബർ ഒന്നിന് ചുമതലയേറ്റെടുത്ത ശേഷവും മൂന്നുതവണ കത്തുനൽകി. മറുപടി പോലും നൽകിയില്ല. സ്ഥലംമാറ്റ ഉത്തരവ് ദുരുദ്ദേശ്യത്തോടെയും ദ്രോഹിക്കാനുമായിരുന്നു. അവരുടെ അഹങ്കാരത്തെ തൃപ്തിപ്പെടുത്തിയതിൽ സന്തോഷമുണ്ട്. ഇപ്പോൾ അവർ വിരമിച്ചു. പക്ഷേ ദൈവം മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല. ഏതെങ്കിലും വിധത്തിൽ അവർ അനുഭവിക്കും. ചീഫ് ജസ്‌റ്റിസായി സഞ്ജീവ് ഖന്ന വന്നപ്പോഴും കത്തിന് മറുപടി ലഭിച്ചില്ലന്നും ജസ്റ്റിസ് ഡി വി രമണ വെളിപ്പെടുത്തി.
നിലവിലെ ചീഫ് ജസ്‌റ്റിസ് ബി ആർ ഗവായി സ്ഥലം മാറ്റം പരിഗണിച്ചേക്കാമെങ്കിലും അത് വളരെ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തനിക്ക് അളവറ്റ സ്‌നേഹം നൽകിയ മധ്യപ്രദേശിലെ ജഡ്‌ജിമാർക്കും അഭിഭാഷകർക്കും അദ്ദേഹം നന്ദി പറഞ്ഞു. അന്നത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ , സഞ്ജീവ് ഖന്ന , ബി ആർ ഗവായ് , സൂര്യകാന്ത് എന്നിവരടങ്ങിയ കൊളീജിയമാണ് 2023-ൽ ജസ്‌റ്റിസ് രമണയെ സ്ഥലം മാറ്റിയത്. ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരൊഴികെ ബാക്കിയുള്ളവർ വിരമിച്ചു.










0 comments