‘ദി ടെലഗ്രാഫ്’ എഡിറ്റർ സംഘർഷൻ താക്കൂർ അന്തരിച്ചു

കൊൽക്കത്ത: മുതിർന്ന മാധ്യമപ്രവർത്തകനും ‘ദി ടെലഗ്രാഫ്’ എഡിറ്ററുമായ സംഘർഷൻ താക്കൂർ അന്തരിച്ചു. 63 വയസ്സായിരുന്നു. ഗുഡ്ഗാവിലെ ആശുപത്രിയിൽ തിങ്കളാഴ്ചയാണ് മരണം. ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.
രാജ്യത്തെ മികച്ച രാഷ്ട്രീയ പത്രപ്രവർത്തകരിൽ ഒരാളായാണ് താക്കൂർ അറിയപ്പെടുന്നത്. ദി ടെലിഗ്രാഫ്, ദി ഇന്ത്യൻ എക്സ്പ്രസ്, തെഹൽക്ക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1962ൽ പട്നയിൽ ജനനം. പട്നയിലെ സെന്റ് സേവ്യർ ഹൈസ്കൂളിലായിരുന്നു താക്കൂറിന്റെ പഠനം. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹിന്ദു കോളേജിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം നേടി. 1984ൽ ‘സൺഡെ’യിലൂടെയാണ് താക്കൂർ പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്.
2001-ൽ താക്കൂറിന് പ്രേം ഭാട്ടിയ അവാർഡ് ലഭിച്ചു. സംഘർഷൻ താക്കൂറിന്റെ വിയോഗത്തിൽ സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു.









0 comments