ad
Deshabhimani

print edition വിശാഖയുടെ മനസ്സ് ഉരുക്കാണ്‌

Visakhapatnam WORKERS STRIKE

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലെ തൊഴിലാളി സമരം (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Apr 20, 2026, 12:43 AM | 2 min read

പൊതുമേഖലയെ കോർപ്പറേറ്റുകൾക്ക്‌ തീറെഴുതുന്ന മോദിസർക്കാരിനെതിരെ കശ്‌മീർ മുതൽ കന്യാകുമാരി വരെ പടരുന്ന പോരാട്ടഭൂപടത്തിൽ ജ്വലിക്കുന്ന അധ്യായമാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ (വിഎസ്‌പി) വർഷങ്ങളായി തുടരുന്ന സമരം. ശമ്പളവർധനവിനോ ആനുകൂല്യങ്ങൾക്കോ വേണ്ടിയല്ല, മറിച്ച് രാജ്യത്തിന്റെ ആസ്‌തി സംരക്ഷിക്കാനാണ് നാടിന്റെയാകെ പിന്തുണയോടെ എല്ലാ വെല്ലുവിളികളെയും നേരിട്ട്‌ തൊഴിലാളികൾ സമരംചെയ്യുന്നത്‌.


​"വിശാഖ ഉക്കു - ആന്ധ്രുല ഹക്കു’ (വിശാഖയുടെ ഉരുക്ക് ആന്ധ്രക്കാരുടെ അവകാശം) എന്ന മുദ്രാവാക്യം ജനകീയപ്രതിരോധത്തിന്റെ മഹാവാക്യമായി ആന്ധ്രയിലാകെ മുഴങ്ങുന്നുണ്ട്‌.


ആറു പതിറ്റാണ്ടുകൾക്ക് മുൻപ് 32 പേരുടെ ജീവത്യാഗത്തിലൂടെ നേടിയെടുത്തതാണ് നാടിന്റെ ജീവസ്‌തംഭമായ ഈ ഉരുക്കുനിർമാണശാല. ദക്ഷിണേന്ത്യയിൽ ഒരു സ്റ്റീൽ പ്ലാന്റ് വേണമെന്ന ആവശ്യവുമായി ഉയർന്ന ജനകീയ പ്രക്ഷോഭം കത്തിപ്പടർന്നത്‌ 1966ൽ. ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ നടന്ന ഉജ്വലമായ പോരാട്ടം ഫലംകണ്ടു. 1971-ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്ലാന്റിന് തറക്കല്ലിട്ടു. സോവിയറ്റ് യൂണിയന്റെ സാങ്കേതിക സഹായത്തോടെ വിഭാവനംചെയ്‌ത പ്ലാന്റിന്റെ വിവിധ യൂണിറ്റുകൾ 1980-കളിൽ പ്രവർത്തനക്ഷമമായി. ഇന്ത്യയിലെ ആദ്യത്തെ കടലോര അധിഷ്‌ഠിത സംയോജിത സ്റ്റീൽ പ്ലാന്റ്‌ 1992ൽ രാജ്യത്തിന് സമർപ്പിച്ചു.


1990-കളുടെ അവസാനത്തോടെ വായ്‌പകളുടെ പലിശഭാരം പ്ലാന്റിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. എന്നാൽ തൊഴിലാളികളുടെയും മാനേജ്‌മെന്റിന്റെയും കഠിനാധ്വാനത്തിലൂടെ വർഷങ്ങൾക്കുള്ളിൽ പ്ലാന്റ് ലാഭത്തിലായി. രാജ്യത്തെ മറ്റ് സ്റ്റീൽ പ്ലാന്റുകൾക്ക് സ്വന്തമായി ഇരുമ്പയിര് ഖനികൾ ഉള്ളപ്പോൾ, വിഎസ്‌പിക്ക്‌ കേന്ദ്രസർക്കാർ ഖനി അനുവദിച്ചില്ല. ഉയർന്ന വിലയ്‌ക്ക്‌ ഇരുമ്പയിര് വാങ്ങേണ്ട സാഹചര്യം പ്ലാന്റിനെ നഷ്‌ടത്തിലാക്കാൻ ബോധപൂർവം സൃഷ്ടിച്ചു. വികസന പ്രവർത്തനങ്ങൾക്കായി എടുത്ത വായ്‌പകളുടെ പലിശഭാരം മറികടക്കാൻ ഫണ്ട് നൽകുന്നതിന് പകരം നഷ്‌ടക്കണക്കുകൾ നിരത്തി സ്വകാര്യവൽക്കരണത്തിന്‌ സർക്കാർ ധൃതി കാട്ടി.


2021 ജനുവരിയിൽ മോദിസർക്കാർ പ്ലാന്റിന്റെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാൻ തീരുമാനിച്ചതോടെയാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. സമരംചെയ്‌തു നേടിയെടുത്ത്‌ വിയർപ്പൊഴുക്കി ലാഭത്തിലാക്കിയ സ്ഥാപനത്തെ കോർപ്പറേറ്റുകൾ കൈയടക്കുന്നതു തടയാൻ ഒറ്റക്കെട്ടായി തൊഴിലാളികൾ രംഗത്തിറങ്ങി. സിഐടിയു ഉൾപ്പെടെയുള്ള ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ പോരാട്ടം നയിച്ചു. അഞ്ചു വർഷത്തിലേറെയായി വിശാഖപട്ടണത്തെ കുർമണ്ണപാലം ജങ്‌ഷനിൽ തുടരുന്ന റിലേ നിരാഹാര സത്യഗ്രഹം ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തൊഴിലാളി സമരങ്ങളിലൊന്നായി മാറി.


ശക്തമായ പ്രതിഷേധത്തെത്തുടർന്ന് സ്വകാര്യവൽക്കരണം കേന്ദ്രത്തിന് ഇപ്പോഴും നടപ്പാക്കാനായിട്ടില്ല. എന്നാൽ, പുനരുദ്ധാരണ പാക്കേജുകൾ പൂർണമായി നടപ്പാക്കാതെയും ഫണ്ടുകൾ നൽകാതെയും പ്ലാന്റിനെ സാമ്പത്തികമായി തകർക്കാനുള്ള നീക്കം പ്രതികാരബുദ്ധിയോടെ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home