print edition ഇന്ദിരയെ വിറപ്പിച്ച രാംലീല

റാലിയിൽ പങ്കെടുക്കാനെത്തുന്ന ഇടതുപക്ഷ പ്രവർത്തകർ
ന്യൂഡൽഹി: ഏകാധിപത്യ ഭരണങ്ങളെ തൂത്തെറിഞ്ഞ ചരിത്രം തുടിക്കുന്ന ഇടമാണ് രാംലീല മൈതാനം. എഴുപതുകളിൽ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭരണം രാജ്യത്തെയാകെ അടിച്ചമർത്തിയപ്പോൾ ഇന്ത്യ ഉയിർത്തെണീറ്റത് രാംലീലയിലെ മണ്ണിൽ ചവിട്ടിയാണ്.
ജയപ്രകാശ് നാരായൺ മുന്നോട്ടുവച്ച സമ്പൂർണ വിപ്ലവമെന്ന മുദ്രാവാക്യം ജനപ്രീതിയാർജ്ജിച്ച ഘട്ടമായിരുന്നു അത്. 1975 ജൂൺ 25ന് രാംലീലയിൽ പ്രതിപക്ഷപാർടികളുടെ സംയുക്ത റാലിക്ക് തീരുമാനമായി. ഒരു ലക്ഷത്തിലേറെപേർ റാലിയിൽ പങ്കെടുത്തു. ‘ജനങ്ങൾ വരുന്നു സിംഹാസനം ഒഴിയൂ’– എന്ന് ജയപ്രകാശ് നാരായൺ ആഹ്വാനംചെയ്‌തു. രാംലീലയിലെ വൻജനാവലി ഇന്ദിരയെയും മകൻ സഞ്‌ജയിനെയും ആശങ്കപ്പെടുത്തി. രാഷ്ട്രീയ അട്ടിമറി ഭയന്ന കോൺഗ്രസ് നേതൃത്വം രാംലീല റാലി അവസാനിച്ച് മണിക്കൂറുകൾക്കകം അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കുകയായിരുന്നു. പിന്നീട് 18 മാസം രാജ്യം കണ്ടത് ക്രൂരമായ പ്രതിപക്ഷവേട്ട.
1977 ജനുവരിയിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജയിലിലടയ്‌ക്കപ്പെട്ട പ്രതിപക്ഷ നേതാക്കൾ സ്വതന്ത്രരായി. പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന ലക്ഷ്യത്തോടെ 1977 ഫെബ്രുവരിയിൽ മറ്റൊരു സംയുക്തറാലി കൂടി നടത്തി. പിന്നീടുള്ള പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് തൂത്തെറിയപ്പെട്ടു. ആദ്യമായൊരു കോൺഗ്രസ് ഇതര സർക്കാർ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തി.
രണ്ടാം യുപിഎ സർക്കാരിനെതിരെ അലയടിച്ച ‘ഇന്ത്യ എഗെയൻസ്‌റ്റ് കറപ്‌ഷ’ന്റെ സമരകേന്ദ്രവും രാംലീലയും ജന്തർമന്തറുമായിരുന്നു. ഇൗ പ്രസ്ഥാനമാണ് ആംആദ്‌മി പാർടിക്ക് രൂപം നൽകിയത്. 2013ൽ ഡൽഹിയിലെ നീണ്ടകാലത്തെ കോൺഗ്രസ് ഭരണം എഎപി അവസാനിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാൾ സത്യപ്രതിജ്‌ഞ ചെയ്‌തത് രാംലീലയിലാണ്. 2015ൽ വലിയ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ എത്തിയപ്പോഴും കെജ്‌രിവാളിന്റെ സത്യപ്രതിജ്‌ഞ ഇവിടെയായിരുന്നു. ട്രേഡ്‌യൂണിയനുകളുടെയും കർഷകസംഘടനകളുടെയും നിരവധി റാലികൾക്കും രാംലീല വേദിയായി.









0 comments