വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

നരേന്ദ്ര മോദി / Image Credit : Facebook
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ ദിവസം പാർലമെന്റിൽ വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചത്. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് പാര്‍ലമെന്‍റില്‍ ബിൽ തള്ളപ്പെട്ടത്.
ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 816 ആയി വർദ്ധിപ്പിക്കാനായിരുന്നു സർക്കാർ നീക്കം. ഇത്തരത്തിൽ മണ്ഡല പുനഃക്രമീകരണം നടത്തി അതിന്റെ 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുക എന്നതായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം. വനിതാ സംവരണത്തെ അംഗീകരിക്കുന്ന പ്രതിപക്ഷം, സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനെ എതിർത്തു. നിലവിലുള്ള സീറ്റുകളിൽ തന്നെ സംവരണം നടപ്പിലാക്കണമെന്നാണ് അവരുടെ ആവശ്യം.
വനിതാസംവരണ നിയമത്തിന്റെ മറവിൽ രാഷ്‌ട്രീയലക്ഷ്യങ്ങളോടെ മണ്ഡലപുനർനിർണയം നടത്തി കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരാനുള്ള മോദിസർക്കാരിന്റെ ഭരണഘടനാവിരുദ്ധമായ നീക്കത്തെയാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിച്ചത്.
2023-ൽ പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച വനിതാ സംവരണ നിയമം, ഈ ഭേദഗതി കൊണ്ടുവന്ന ഏപ്രിൽ 16-നാണ് സർക്കാർ വിജ്ഞാപനം ചെയ്തത്. കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.










0 comments