ആദിവാസികളിൽ പോരാട്ടവീര്യം ജ്വലിപ്പിച്ച നേതാവ്

ന്യൂഡൽഹി: പാർശ്വവൽകൃത ജനവിഭാഗങ്ങളുടെ ഉള്ളിൽ പോരാട്ടവീര്യം ജ്വലിപ്പിച്ച രാഷ്ട്രീയനേതാവെന്ന നിലയിൽ മായാത്ത മുദ്രകള്‍ പതിപ്പിച്ചാണ് ജെഎംഎം നേതാവ് ഷിബു സോറൻ കടന്നുപോകുന്നത്. 2000ത്തിൽ ബിഹാറിൽനിന്ന് ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ച നേതാവ്. 1944 ജനുവരി 11ന് അവിഭക്ത ബിഹാറിലെ നെമ്രയിൽ (നിലവിൽ ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിൽ) ആണ് ജനനം. അധ്യാപകനായിരുന്ന പിതാവിനെ വട്ടിപ്പലിശക്കാരുടെ ഗുണ്ടകൾ കൊലപ്പെടുത്തുന്നതിന് സാക്ഷ്യം വഹിച്ച ബാല്യമാണ് സോറന്റേത്.
ദുരിതപർവങ്ങൾ ചവിട്ടിക്കയറി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായി. ലോക്സഭയിലും രാജ്യസഭയിലുമായി പത്തുതവണ അംഗമായി. സാന്താൾ സമൂഹം അദ്ദേഹത്തെ ആദരവോടെ ‘ദിശോം ഗുരു’ (വഴികാട്ടി) എന്ന് വിളിച്ചു. പഠിക്കാൻ സാധിക്കാത്ത കുട്ടികള്‍ക്കായി രാത്രി സ്കൂളുകള്‍ തുടങ്ങി. ആദിവാസികൾ കൊയ്‌തെടുത്ത നെല്ലിന്റെ ഒരുവിഹിതം കൊള്ളപ്പലിശക്കാർക്ക് കൈമാറണമെന്ന വ്യവസ്ഥയ്‌ക്ക് എതിരെ 1960കളിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. മോട്ടോർസൈക്കിളിൽ ഗ്രാമങ്ങളുടെ ഉള്ളിലേക്ക് സഞ്ചരിച്ച അദ്ദേഹം ആദിവാസി യുവാക്കളിൽ സമരവീര്യം നിറച്ചു.
1972ൽ മുതിർന്ന കമ്യൂണിസ്‌റ്റ് നേതാക്കളായിരുന്ന ബിനോദ് ബിഹാരി മഹാതോ, എ കെ റോയ് എന്നിവർക്കൊപ്പം ജാർഖണ്ഡ് മുക്തി മോർച്ച രൂപീകരിച്ചു. ആദ്യ ജനറൽസെക്രട്ടറിയായി. 1987ൽ അധ്യക്ഷസ്ഥാനമേറ്റെടുത്തതോടെ ജെഎംഎം പൂര്‍ണമായും കൈയിലായി. 2025 ഏപ്രിലിൽ ആരോഗ്യം തീര്‍ത്തും മോശമായതോടെ മകൻ ഹേമന്ത് സോറനെ അധ്യക്ഷനാക്കി.
ഒരിക്കൽപ്പോലും കാലാവധി തികച്ചില്ല
മൂന്നു തവണ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായെങ്കിലും ഒരിക്കൽ പോലും കാലാവധി തികച്ചില്ല. കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് 2005 മാര്‍ച്ച് രണ്ടിനാണ് ജാര്‍ഖണ്ഡിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഭൂരിപക്ഷം തെളിയിക്കാനാകാതെ പത്താം ദിവസം രാജി. 2008ൽ നാലുമാസവും 22 ദിവസവുമേ സോറൻ സര്‍ക്കാര്‍ നീണ്ടുള്ളൂ. 2009 ഡിസംബര്‍ 30ന് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും 2010 മെയ് 31ന് രാജിവച്ചു.
2004ൽ മൻമോഹൻ സര്‍ക്കാരിൽ കൽക്കരിമന്ത്രിയായെങ്കിലും പത്തുപേര്‍ കൊല്ലപ്പെട്ട 1975ലെ ചിരുടിഹ് കേസിൽ അറസ്റ്റ് വാറൻഡ് വന്നതോടെ രാജിവയ്ക്കേണ്ടിവന്നു. ജാമ്യം കിട്ടിയശേഷം വീണ്ടും മന്ത്രിയായി. 1994ൽ പ്രൈവറ്റ് സെക്രട്ടറി ശശിനാഥ് ഝായെ കൊലപ്പെടുത്തിയ കേസിൽ 2006ൽ ഡൽഹി കോടതി ശിക്ഷിച്ചതോടെ രാജിവച്ചു.









0 comments