print edition ഖംഡഘോഷിലെ പോരാട്ടം മാഫിയകളോട്

ഖംഡഘോഷിൽ സിപിഐ എം സ്ഥാനാർഥി രാംജീവൻ റോയിയുടെ പ്രചാരണം
ഗോപി
Published on Apr 14, 2026, 12:07 AM | 2 min read
കൊൽക്കത്ത : കൊലപാതകികളുടെയും മണൽ മാഫിയയുടെയും കൈകളിൽനിന്ന് നാടിനെ രക്ഷിക്കാനുള്ള പോരാട്ടമാണ് ബർദ്വമാൻ ജില്ലയിലെ ഖംഡഘോഷിൽ നടക്കുന്നത്. സിപിഐ എമ്മിന് ആഴത്തില്‍ വേരോട്ടമുള്ള അവിടെ അക്രമ മാഫിയ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനിടെ നിരവധി പാർടി പ്രവർത്തകർക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നു. കോടികൾ വിലവരുന്ന മണ്ണും, പാറയും അനധികൃതമായി കടത്താനായി തൃണമൂൽ നേതൃത്വത്തില്‍ നിരവധി മാഫിയ സംഘങ്ങളാണ് അവിടെ പ്രവത്തിക്കുന്നത്. അതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ ചെറുത്തു നിൽപ്പാണ് സിപിഐ എം നടത്തുന്നത്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും കർഷകത്തൊഴിലാളികളും നാമമാത്ര കർഷകരും വിവിധവിഭാഗം തൊഴിലാളികളുമാണ്. 58 ശതമാനവും പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാരാണ്. 28 ശതമാനം ന്യൂനപക്ഷ വിഭാഗക്കാരും.
ഇടതുമുന്നണിക്ക് അധികാരം നഷ്ടപ്പെട്ട 2011ലും തുടർന്ന് 2016ലും ഇവിടെ സിപിഐ എമ്മാണ് ജയിച്ചത്. 2021ൽ സീറ്റ് നഷ്ടമായി. അന്ന് തൃണമൂൽ അക്രമവും ബൂത്ത് പിടുത്തവും തടയുന്നതിനായി പോരാടിയ ബൂത്ത് ഏജന്റുമാരായിരുന്ന മൂന്ന് പാർടി പ്രവർത്തകരെ തൃണമൂലുകാർ കൊലപ്പെടുത്തി. സംവരണ മണ്ഡലമായ അവിടെ കർഷകത്തൊഴിലാളിയും പാർടി ഏരിയ കമ്മറ്റിയംഗവുമായ രാംജീവൻ റോയ് ആണ് സിപിഐ എം സ്ഥാനാർഥി. മാഫിയ പ്രവർത്തനത്തിനെതിരായ ജനകീയ ചെറുത്തുനിൽപ്പിന്റെ മുന്നണിയിലുള്ള റോയ് പലതവണ തൃണമൂൽ അക്രമികളുടെ വധശ്രമങ്ങളെ അതിജീവിച്ചയാളാണ്. സിറ്റിങ് എംഎൽഎ നവീൻ ബാഗാണ് തൃണമൂൽ സ്ഥാനാർഥി. മാഫിയ സംഘവുമായി അടുത്ത് ബന്ധമുള്ള നവീനെ വീണ്ടും സ്ഥാനാർഥിയാക്കിയതിനെതിരെ തൃണമൂൽ ബ്ലോക്ക് പ്രസിഡന്റ് ഫാഗുൺ പ്രതിഷേധവുമായി രംഗത്തെത്തി. അയൽ ജില്ലയിൽ നിന്നുള്ള ഗൗതം ധാരയാണ് ബിജെപി സ്ഥാനാർഥി.
ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് ഇടതുമുന്നണി പ്രചാരണം
ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ ജനകീയ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. സംസ്ഥാനത്തിന്റെ ദുരിതാവസ്ഥ, തകർന്ന ക്രമസമാധാന നില തുടങ്ങിയവ വലിയ ചർച്ചയായിട്ടുണ്ട്. തൊഴിൽ, ക്ഷേമം, ഐക്യം എന്നിവയിൽ കേന്ദ്രീകരിച്ചുള്ള പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങളെക്കുറിച്ച് സ്ഥാനാർഥികൾ ജനങ്ങളോട് വിശദീകരിക്കുന്നു. പരിഹരിക്കപ്പെടേണ്ട വിഷയങ്ങളുന്നയിക്കുന്നവരുടെ ഫോൺ നന്പറുൾപ്പെടെയുള്ള സ്ഥാനാർഥികൾ ശേഖരിക്കുന്നുമുണ്ട്. എസ്‌ഐആറിന്റെ ഭാഗമായുള്ള ആശങ്കകളും ജനങ്ങൾ ഇടതുമുന്നണി സ്ഥാനാർഥികളുമായി പങ്കുവെയ്‌ക്കുന്നു. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും ജനങ്ങളുടെ ഇടയിൽ വൻ ചലനങ്ങളാണുണ്ടാക്കുന്നത്. തൃണമൂൽ ഭരണത്തിന് കീഴിൽ ദുരിതത്തിലായ ബംഗാൾ ജനതയുടെ ആശങ്ക സമൂഹമാധ്യമങ്ങളിൽ ചർച്ചയാക്കാനായിട്ടുണ്ട്.










0 comments