Deshabhimani

print edition ബിജെപിയുടെ 
പതനത്തിന്റെ തുടക്കം 
യുപിയിൽ

akhilesh yadav
വെബ് ഡെസ്ക്

Published on Nov 02, 2026, 12:24 AM | 2 min read

ഉത്തർപ്രദേശിൽ ഒരു കോടിയിലധികം ഹിന്ദുക്കളുടെ വോട്ടുകൾ വെട്ടിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്‌താവന ആസന്നമായ തോൽവിക്കുള്ള മുൻകൂർ ജാമ്യമാണെന്ന്‌ സമാജ്‌വാദി പാർടി നേതാവ്‌ അഖിലേഷ്‌ യാദവ്‌. തന്റെ സർക്കാർ പരാജയപ്പെട്ടാൽ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ്‌ കമീഷനുമാണെന്ന മുൻകൂർ ജാമ്യമാണ്‌ ആദിത്യനാഥിന്റെ പ്രസ്‌താവന. 2022ലെ തെരഞ്ഞെടുപ്പിൽ വോട്ടുതിരിമറിയിലൂടെയാണ്‌ ബിജെപി സമാജ്‌വാദി പാർടിയെ പരാജയപ്പെടുത്തിയത്‌. ഉത്തർപ്രദേശിലെ ലോക്‌സഭാ സീറ്റുകളുടെ പിന്തുണയോടെയാണ്‌ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയത്‌. അതേ ഉത്തർപ്രദേശിൽ നിന്നാകും ബിജെപിയുടെ കനത്ത പരാജയത്തിന്റെ ആരംഭം. വോട്ടുകൊള്ളയും അന്പലകൊള്ളയും നടത്തിയവരോട്‌ ജനങ്ങൾ പൊറുക്കില്ല.



ഗ്യാനേഷ്‌കുമാർ ശകുനി ​


മഹാഭാരതത്തിൽ ശകുനി കള്ളച്ചൂതിലൂടെ അധികാരം പിടിച്ച പോലെയാണ്‌ മോദി വീണ്ടുംവീണ്ടും അധികാരത്തിലെത്തുന്നതെന്ന്‌ തേജസ്വി യാദവ്‌. ഇവിടെ ശകുനിക്ക്‌ പകരം ഗ്യാനേഷ്‌കുമാറും ദുര്യോധനന്‌ പകരം മോദിയുമാണ്‌. ഭരണഘടനയെയും ജനാധിപത്യത്തെയും തകർത്ത ഗ്യാനേഷ്‌കുമാറിനെ ക്രിമിനൽ നടപടി സ്വീകരിച്ച്‌ ജയിലിലടയ്ക്കണം. മോദിയുടെയും ഗ്യാനേഷിന്റെയും കള്ളച്ചൂതിനെ തോൽപ്പിക്കാൻ ഇന്ത്യ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ജനാധിപത്യവിശ്വാസികൾ പുതിയ കുരുക്ഷേത്ര യുദ്ധങ്ങൾക്ക്‌ തയ്യാറാകണം.


ബംഗാൾ എസ്‌ഐആർ ഇര


തൊണ്ണൂറ്‌ ലക്ഷം വോട്ടുകൾ വെട്ടിമാറ്റി ബിജെപിയെ അധികാരത്തിൽ പ്രതിഷ്‌ഠിച്ച എസ്‌ഐആറിന്റെ ഇരയാണ്‌ ബംഗാളെന്ന്‌ തൃണമൂൽ കോൺഗ്രസ്‌ നേതാവ്‌ മമത ബാനർജി. ഇടതുപക്ഷപാർടികളെ പ്രത്യേകം പരാമർശിച്ചാണ്‌ പ്രസംഗം തുടങ്ങിയത്‌. ബംഗാളിനെയും ഭരണഘടനയെയും ജനാധിപത്യത്തെയും അവർ കൊള്ളയടിച്ചു. ബിജെപിയാണ്‌ വോട്ടുമോഷണത്തിനു പിന്നിൽ. ഗ്യാനേഷ്‌കുമാറിനെ ‘വാനിഷ്‌ കുമാർ’ എന്ന്‌ പരിഹസിച്ച മമത എന്നാണ്‌ താങ്കൾ വാനിഷ്‌ ആകുന്നതെന്നും ചോദിച്ചു.


വോട്ട്‌ മോഷ്‌ടിച്ചവരെ 
പുറത്താക്കണം


രാജ്യത്ത്‌ ജനാധിപത്യം നിലനിൽക്കണമെങ്കിൽ നരേന്ദ്രമോദിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കണമെന്ന്‌ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേന്ദ്രസർക്കാരും, യുപി‍, മഹാരാഷ്‌ട്ര, ബിഹാർ സർക്കാരുകളും വോട്ട്‌ മോഷ്‌ടിച്ച്‌ അധികാരത്തിൽ വന്നവരാണ്‌. ഇ‍ൗ മോഷ്‌ടാക്കളെ പുറത്താക്കണം. മോദിയെ പുറത്താക്കാതെ ജനാധിപത്യത്തിന്‌ നിലനിൽപ്പില്ല. അവർ സ്വയം അവരെത്തന്നെ തെരഞ്ഞെടുത്തു. മോദിയും അമിത്‌ ഷായും ദളിതരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും വോട്ട്‌ മോഷ്‌ടിച്ചു. ഗ്യാനേഷ്‌കുമാർ പുറത്താകും വരെ പോരാടും. ഒളിവിൽ പോയാൽ പിന്തുടർന്ന്‌ പിടിക്കും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ ഭയപ്പെടുത്താൻ ശ്രമിച്ചാൽ ഭയപ്പെടുന്നവരല്ല ഞങ്ങൾ–ഖാർഗെ പറഞ്ഞു.



പുറത്താക്കപ്പെട്ട 
ഹിന്ദുക്കൾ 
പാകിസ്ഥാനികളോ


എസ്‌ഐആറിൽ പുറത്താക്കിയ ഹിന്ദുക്കളും നുഴഞ്ഞുകയറ്റക്കാരാണോയെന്ന്‌ നാഷണറൽ കോൺഫറൻസ്‌ നേതാവ്‌ ഫാറൂഖ്‌ അബ്‌ദുള്ള. യുപിയിൽ പുറത്താക്കപ്പെട്ട ഹിന്ദുക്കൾ പാകിസ്ഥാനികളാണോ. മുസ്ലീങ്ങൾക്ക്‌ നേരെ വിരൽചൂണ്ടി അവർ പാകിസ്ഥാനികളാണെന്ന്‌ ആർഎസ്‌എസും ബിജെപിയും പറയുന്നു. അവരോട്‌ ഞാൻ പറയുന്നു, ഞങ്ങൾ ഇ‍ൗ രാജ്യത്തിന്‌ വേണ്ടി രക്തം നൽകിയവരാണ്‌. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും ഇന്ത്യക്കാരാണ്. ഇ‍ൗ രാജ്യത്ത്‌ തന്നെ ജീവിച്ച്‌ അതിനെ ശക്തിപ്പെടുത്തും. എക്കാലവും ജമ്മു കശ്‌മീർ ഇന്ത്യയുടെ ഭാഗമായിരിക്കും– അദ്ദേഹം പറഞ്ഞു.


രാജ്യത്തെയാകെ 
കശ്‌മീരാക്കരുത്‌


രാജ്യത്തെയാകെ മറ്റൊരു ജമ്മു കശ്‌മീരായി മാറ്റരുതെന്ന്‌ പിഡിപി അധ്യക്ഷ മെഹ്‌ബൂബ മുഫ്‌തി. 2019-ൽ ഞങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ഇല്ലാതാക്കി. രാജ്യം മുഴുവൻ മറ്റൊരു ജമ്മു കാശ്മീരായി മാറാതിരിക്കാൻ നിങ്ങൾ ജാഗ്രത പാലിക്കണം. ഈ പോരാട്ടത്തിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. എല്ലാവർക്കും ഭരണഘടാപരമായ അവകാശങ്ങളെക്കുറിച്ച്‌ ബോധ്യമുണ്ടാകണം. ഇപ്പോൾ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാൻ നാം ഒന്നിക്കണം–മെഹ്‌ബൂബ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home