ad
Deshabhimani

തുടർക്കഥയായി ഡിജിറ്റൽ അറസ്റ്റ്; താനെയിൽ വയോധികന്‌ 23.5 ലക്ഷം രൂപ നഷ്ടമായി

Digital Arrest.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Dec 22, 2025, 04:57 PM | 1 min read

താനെ: മഹാരാഷ്ട്രയിലെ താനെയിൽ 68-കാരനായ വയോധികനെ ഭീഷണിപ്പെടുത്തി 23.5 ലക്ഷം രൂപ തട്ടിയെടുത്തു. ഡിജിറ്റൽ അറസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തി ഡിസംബർ 8 മുതൽ 12 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.


ബാങ്ക് ഇടപാടുകളിൽ ക്രമക്കേടുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയത്. വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെയാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ ബന്ധപ്പെട്ടത്.


അന്വേഷണ ഏജൻസികളിൽ നിന്നാണെന്ന് അവകാശപ്പെട്ട ഇവർ ബാങ്ക് അക്കൗണ്ടുകൾ സംശയാസ്പദമാണെന്നും ക്രിമിനൽ കേസുകളിൽ കുടുക്കുമെന്നും പറഞ്ഞ് വയോധികനെ ഭയപ്പെടുത്തി.


നിയമനടപടികളിൽ നിന്ന് ഒഴിവാക്കാൻ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പലതവണയായി പണം കൈമാറാൻ നിർബന്ധിച്ചത്. ഭയന്നുപോയ വയോധികൻ വിവിധ ഓൺലൈൻ ഇടപാടുകളിലൂടെ 23.5 ലക്ഷം രൂപ പ്രതികൾ നൽകിയ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തു.


പിന്നീട് പരിചയക്കാരോട് സംഭവം വിവരിച്ചപ്പോഴാണ് താൻ തട്ടിപ്പിനിരയായ വിവരം ഇദ്ദേഹം തിരിച്ചറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. അസിസ്റ്റന്റ് ഇൻസ്‌പെക്ടർ വിനോദ് പാട്ടീലിന്റെ നേതൃത്വത്തിൽ കല്യാൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ രേഖകളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. താനെ ജില്ലയിൽ ഈ ആഴ്ച റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സമാന സംഭവമാണിതെന്ന് പൊലീസ് അറിയിച്ചു.


അപരിചിതരായ ആളുകൾ ഔദ്യോഗിക ഏജൻസികളെന്ന പേരിൽ വിളിച്ചാൽ ജാഗ്രത പാലിക്കണമെന്നും വിവരങ്ങൾ കൈമാറരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home