ഫരീദാബാദ് ജയിലിൽ പ്രതിയെ സഹതടവുകാരൻ കൊലപ്പെടുത്തി

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിലുള്ള നീംക ജയിലിൽ തടവുകാരൻ കൊല്ലപ്പെട്ടു. ഭീകരവാദിയെന്ന് സംശയിക്കുന്ന അബ്ദുൾ റഹ്മാൻ (20) ഞായറാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. മറ്റൊരു തടവുകാരനായ അരുൺ ചൗധരിയാണ് ജയിലിനുള്ളിൽ വെച്ച് അബ്ദുളിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
മൂർച്ചയുള്ള കല്ല് ഉപയോഗിച്ചാണ് അരുൺ അബ്ദുളിനെ കൊലപ്പെടുത്തിയതെന്ന് ഫരീദബാദ് പൊലീസ് വക്താവ് യശ്പാൽ പറഞ്ഞു. പുലർച്ചെ രണ്ടോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
2025 മാർച്ചിൽ ഫരീദാബാദിലെ പാലിയിൽ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും ഹരിയാന സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അബ്ദുൾ പിടിയിലാകുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നും രണ്ട് ഹാൻഡ് ഗ്രനേഡുകൾ കൈവശം വച്ചെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.
ജമ്മുവിലും അമൃത്സറിലുമായി എട്ട് കേസുകളിൽ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങൾ നേരിടുന്നയാളാണ് പ്രതി അരുൺ ചൗധരി. 2024 ഒക്ടോബറിൽ ഇയാളെ കതുവയിൽ നിന്ന് നീംകയിലേക്ക് ജയിൽ മാറ്റുകയായിരുന്നു.










0 comments