തെലങ്കാന തുരങ്കം അപകടം: രക്ഷാപ്രവർത്തം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി

photo credit: facebook
തെലങ്കാന: തെലങ്കാന നാഗർകുർണൂലിൽ ശ്രീശൈലം ലെഫ്‌റ്റ് ബാങ്ക് കനാലിലെ തുരങ്കമിടിഞ്ഞ് ഉള്ളിൽ കുടുങ്ങിയ എട്ടു തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള മുഴുവൻ രക്ഷാപ്രവർത്തനവും രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് തെലങ്കാന ജലസേചന മന്ത്രി. കുടുങ്ങിക്കിടക്കുന്നവരെ ചെളിമാറ്റി തിരയാൻ തീരുമാനിച്ചതിനാൽ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കുമെന്ന് എൻ ഉത്തം കുമാർ റെഡ്ഡി പറഞ്ഞു.
അപകടത്തെക്കുറിച്ചും രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും കരസേന, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയതായും സ്ഥിതിഗതികൾ വിലയിരുത്തിയതായും മന്ത്രി ബുധനാഴ്‌ച നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.
"എൻഡിആർഎഫ്, ആർമി, എസ്‌ഡിആർഎഫ്, ജില്ലാ കളക്ടർ, പൊലീസ് സൂപ്രണ്ട് എന്നിവരുൾപ്പെടെ എല്ലാ ഉദ്യോഗസ്ഥരുമായും മുഴുവൻ പ്രവർത്തനവും അവലോകനം ചെയ്തു. ഇന്ന് ഞങ്ങൾ തുരങ്കത്തിൽ പോകുന്നതിനുള്ള ഒരു കൃത്യമായ പ്രവർത്തന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ പ്രവർത്തനവും പൂർത്തിയാക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.
കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സ്നിഫർ നായയെ ഉപയോഗിക്കുമെന്നും കളക്ടർ പറഞ്ഞു. തകർന്ന തുരങ്കത്തിലെ വെള്ളവും ചെളിയും നീക്കം ചെയ്യൽ തുടരും. ഉള്ളിൽ കുടുങ്ങിയ ടണൽ ബോറിംഗ് മെഷീൻ (ടിബിഎം) ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് കഷണങ്ങളാക്കി നീക്കം ചെയ്യും.
കഴിഞ്ഞ ശനിയാഴ്ച നിർമാണപ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ചപ്പോൾ ടണലിന്റെ മുകൾഭാഗം തകർന്ന് വീഴുകയായിരുന്നു. ടണലിന്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ 51 തൊഴിലാളികൾ ടണലിലുണ്ടായിരുന്നു. ഇതിൽ43 പേരെ രക്ഷിച്ചതാി ഭരണകൂടം അറിയിച്ചു. ചില തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. ഫെബ്രുവരി 18നാണ് ടണൽ തുറന്ന് പ്രവർത്തനം ആരംഭിച്ചത്.











0 comments