ad
Deshabhimani

അരുണാചൽ പ്രദേശിൽ വീണ്ടും ഉരുൾപൊട്ടൽ,പ്രളയം; ഏഴ് മരണം, ഗ്രമങ്ങൾ ഒറ്റപ്പെട്ടു

Arunachal flood
വെബ് ഡെസ്ക്

Published on Jul 14, 2026, 02:38 PM | 1 min read

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടം. സംസ്ഥാനത്ത് റോഡ് ഗതാഗതവും ജനജീവിതവും പൂർണ്ണമായി തടസ്സപ്പെട്ടു. പ്രളയക്കെടുതിയിൽ ഇതുവരെ ഏഴ് പേർ മരണപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.


സംസ്ഥാനത്തെ 26 ജില്ലകളിലായി 425 ഗ്രാമങ്ങളിലെ 97,182 പേരെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. കൃഷി മേഖലയ്ക്കും പൊതുസംവിധാനങ്ങൾക്കും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പാലങ്ങൾ തകര്‍ന്നത് കാരണം പല ഗ്രാമങ്ങളും പ്രളയത്തിന് നടുവിൽ ഒറ്റപ്പെട്ടു.


കുമേ നദിയിലെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം കുറുങ് കുമേ ജില്ലയിലെ പാർസി-പാർലോ, ധാമിൻ മേഖലകളിൽ വലിയ നാശമുണ്ടാക്കി. ധാമിനെയും ഹുരിയെയും ബന്ധിപ്പിക്കുന്ന 66 മീറ്റർ നീളമുള്ള ബെയ്‌ലി തൂക്കുപാലം പ്രളയത്തിൽ ഒലിച്ചുപോയി. ഈ പാലം പുനഃസ്ഥാപിക്കാൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് ബി ആര്‍ ഓ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ നബാം താജിക് അറിയിച്ചു. ഇതിന് പുറമെ ലൂക്സാങ് വാലി പാലം, ഹുതാർ വാലി പാലം എന്നിവയും പൂര്‍ണമായും ഒലിച്ചുപോയിട്ടുണ്ട്.


Related News

541.75 ഹെക്ടർ കൃഷിഭൂമിയും 1,010 ഹെക്ടർ വനമേഖലയും നശിച്ചു. 150 റോഡുകൾ, 19 പാലങ്ങൾ, 21 കലുങ്കുകൾ എന്നിവ തകർന്നു. 58 സർക്കാർ കെട്ടിടങ്ങൾ, 2 ആശുപത്രികൾ, 3 സ്കൂളുകൾ എന്നിവ തകർന്നു. നൂറുകണക്കിന് വീടുകൾക്ക് ഭാഗികമായോ പൂർണ്ണമായോ കേടുപാടുകൾ പറ്റിയിട്ടുണ്ട്. പ്രദേശത്തെ പ്രമുഖ വിദ്യാലയമായ സെന്റ് തോമസ് സ്കൂൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. സ്കൂൾ കെട്ടിടങ്ങൾ, പഠന സാമഗ്രികൾ, അധ്യാപകരുടെ താമസസ്ഥലം എന്നിവ നശിച്ചതിനെ തുടർന്ന് ഇവിടെ അധ്യയനം നിർത്തിവെച്ചു. പാക്രോ ഗ്രാമത്തിന് സമീപം വലിയ തോതിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ദേശീയപാത 13 അടച്ചു. ഇറ്റാനഗർ-സെപ്പ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.


ലോവർ ദിബാംഗ് വാലി, വെസ്റ്റ് സിയാങ്, കാംലെ, ഈസ്റ്റ് കമെങ് തുടങ്ങിയ ജില്ലകളിലും പ്രളയക്കെടുതി രൂക്ഷമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home