ad
Deshabhimani

നാഗാലാൻഡിൽ സൈനിക വാഹനം ആക്രമിച്ചു, ജവാൻ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്

൫
വെബ് ഡെസ്ക്

Published on Jul 14, 2026, 02:17 PM | 1 min read

കൊഹിമ: നാഗാലാൻഡിലെ ചുമുകേദിമ ജില്ലയിലുണ്ടായ ശക്തമായ ഐഇഡി സ്ഫോടനത്തിൽ ഒരു അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു. നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റു.


തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സുഖോവിയിലെ അസം റൈഫിൾസ് ട്രെയിനിംഗ് സെന്ററിന് സമീപമായിരുന്നു ആക്രമണം. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കല്ലാർ മോഹ്‌റ സ്വദേശിയായ ഹവിൽദാർ മുഹമ്മദ് ഇഖ്ബാൽ (44) ആണ് കൊല്ലപ്പെട്ടത്. 28 അസം റൈഫിൾസിലെ അംഗമാണ്. സുഖോവിയിലെ അസം റൈഫിൾസ് ട്രെയിനിംഗ് സെന്റർ ആൻഡ് സ്കൂളിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. 2003 മുതൽ സേനാംഗമാണ്.


പരിക്കേറ്റ നാല് ജവാന്മാരുടെയും നില നിലവിൽ തൃപ്തികരമാണ്. അസം റൈഫിൾസ് ഉദ്യോഗസ്ഥർ മഹീന്ദ്ര പിക്ക് അപ്പ് വാഹനത്തിൽ ദിമാപൂരിലേക്ക് പോകുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന സ്ഫോടകവസ്തു ഒളിപ്പിച്ചുവെച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നുതരിപ്പണമായി. സമീപത്തുണ്ടായിരുന്ന ഒരു സാധാരണക്കാരന് സ്ഫോടനത്തെത്തുടർന്ന് അവശിഷ്ടങ്ങൾ തെറിച്ചുവീണ് പരിക്കേറ്റു.


ലആക്രമിക്കപ്പെട്ട ട്രക്കും സ്ഫോടനത്തിൽ തകര്‍ന്ന ഓട്ടോറിക്ഷയുടെ ഭാഗങ്ങളും


തുടരുന്ന ആക്രമണങ്ങൾ


വടക്കുകിഴക്കൻ മേഖലയിൽ ഒരാഴ്ചയ്ക്കിടെ അസം റൈഫിൾസിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂലൈ 6-ന് മണിപ്പൂരിലെ ഉഖ്‌രുൽ ജില്ലയിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു.


ആക്രമണത്തെത്തുടർന്ന് ചൊവ്വാഴ്ച മുതൽ മേഖലയിൽ സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അസം റൈഫിൾസിന്റെയും നാഗാലാൻഡ് പോലീസിന്റെയും കൂടുതൽ കമാൻഡോകളെയും ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.


ആക്രമണവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് എൻഎസ്‌സിഎൻ അറിയിച്ചു. മേഖലയിലെ സമാധാനം തകർക്കാൻ ലക്ഷ്യമിട്ടുള്ള "ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം" എന്ന് അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുമെന്നും ജനങ്ങൾക്കിടയിൽ ഭീതി പടർത്തുമെന്നും മുന്നറിയിപ്പ് നൽകി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.


ചഖ്രോമ പബ്ലിക് ഓർഗനൈസേഷൻ (CPO), സെൻട്രൽ നാഗാ ട്രൈബ്സ് കൗൺസിൽ (CNTC), നാഗാലാൻഡ് പീസ് സെന്റർ (NPC), എൽജെപി (ആർവി) തുടങ്ങിയ സംഘടനകളും ആക്രമണത്തെ ശക്തമായി അപലപിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home