'എന്റെ മകൾ അങ്ങനെ ചെയ്യില്ല'; അടൂരിലെ യുവതിയുടെ മരണം കൊലപാതകമെന്ന് കുടുംബം

ഷീജ, ഷെഹന
പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് കുടുംബം. കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31)യെയാണ് തിങ്കൾ രാത്രി വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയം ഷെഹനയ്ക്കൊപ്പം വീട്ടിലുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഷെഹനയുടെ ഉമ്മ ഷീജ മാധ്യമങ്ങളോട് പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിൽവന്ന് പത്തുമിനിറ്റ് പോലും ആകുന്നതിന് മുന്നേയാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് ഷെഹനയെ കൊലപ്പെടുത്തിയതാണെന്നും ഷീജ പറഞ്ഞു.
സംഭവസ്ഥലത്തെ തെളിവുകൾ ശേഖരിച്ചെന്നും രക്തപ്പാടുകൾ ഉണ്ടായിരുന്നുവെന്നും പത്തനംതിട്ട എസ്പി പറഞ്ഞു. സുഹൃത്തും ഷെഹനയും തമ്മിൽ വഴക്കുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്നും എസ്പി പറഞ്ഞു.
തിങ്കൾ രാത്രി ഏഴോടെ വീടിനുള്ളിലെ കിടപ്പുമുറിയിലായിരുന്നു ഷെഹനയുടെ മൃതദേഹം കണ്ടത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ. ഷെഹനയുടെ വീട്ടിൽ നിന്നും ബഹളം കേട്ട് അയൽവാസികൾ അടൂർ നഗരസഭ കൗൺസിലർ നശ്മൽ കാവിളയെ വിവരം അറിയിച്ചു. തുടർന്ന് നശ്മൽ വീട്ടിലെത്തി വീടിനുള്ളിൽ ഉണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാൻ ആവശ്യപ്പെട്ടു. കതക് തുറന്നതോടെ വീടിനുള്ളിലെ സ്റ്റെയർ കെയസിൻ്റെ പിടിയിൽ ഷാളിൽ ഷെഹനയെ തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടത്.
തുടർന്ന് അടൂർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.











0 comments