"ഷാരൂഖ് ഖാൻ വീട് പുതുക്കി പണിയുന്നതിന് അയൽക്കാരനെന്താണ്" തടസ ഹര്‍ജി സുപ്രീം കോടതിയും തള്ളി

മുബൈ: ഷാരൂഖ് ഖാൻ കുടുംബസമേതം താമസിച്ചുവരുന്ന 'മന്നത്ത്' ബംഗ്ലാവിൽ പുതിയ നിലകൾ നിർമ്മിക്കുന്നതിനെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി.
ബോളിവുഡ് താരത്തിന്റെ പ്രശസ്തമായ 'മന്നത്ത്' ബംഗ്ലാവിന് മുകളിൽ രണ്ട് നിലകൾ കൂടി നിർമ്മിക്കുന്നതിന് നൽകിയ തീരദേശ നിയന്ത്രണ മേഖല അനുമതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് കോടതി 2025 സെപ്റ്റംബർ 16-ന് നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു.
"അവർ അവിടെയാണ് താമസിക്കുന്നത്. ഒരു റസിഡൻഷ്യൽ വീടിന് മുകളിൽ അവർക്ക് കൂടുതൽ നിലകൾ നിർമ്മിക്കണമെന്ന് ഉണ്ടെങ്കിൽ അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. അവിടെ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു അയൽക്കാരനോ മറ്റാരെങ്കിലുമോ എന്തിനാണ് ഇടപെടുന്നത്?" എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹർജിക്കാരന്റെ ഉദ്ദേശശുദ്ധിയിൽ തങ്ങൾക്ക് വലിയ സംശയമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
ഹർജിക്കാരനായ സന്തോഷ് ദൗന്ദ്കറുടെ വാദം കോടതി സ്വീകരിച്ചില്ല. ഒരു പ്രമുഖ സിനിമാ താരം ഉൾപ്പെട്ടിരിക്കുന്നത് കൊണ്ട് മാത്രം ഈ കേസിനെ വ്യത്യസ്തമായി കാണരുതെന്ന് ആവശ്യപ്പെട്ടതും കോടതി പരിഗണിച്ചില്ല.
ഖാന്റെ താരപദവി തങ്ങളുടെ തീരുമാനത്തെ ഒട്ടും സ്വാധീനിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി വ്യക്തമാക്കി.
ബാന്ദ്രയിലെ കടലിന് അഭിമുഖമായി നിൽക്കുന്ന ഷാരൂഖ് ഖാന്റെ വീടിന്റെ നവീകരണത്തിനായി മഹാരാഷ്ട്ര തീരദേശ മേഖല മാനേജ്‌മെന്റ് അതോറിറ്റി സിആർഇസഡ് ക്ലിയറൻസ് നൽകിയതിൽ അപാകതയുണ്ടെന്ന് ആരോപിച്ചാണ് സന്തോഷ് ദൗന്ദ്കർ ആദ്യം നാഷണൽ ഗ്രീൻ ട്രൈബ്യൂണലിനെ സമീപിച്ചത്. അനുമതി നൽകിയതിൽ യാതൊരുവിധ നിയമവിരുദ്ധമായ കാര്യങ്ങളോ നടപടിക്രമങ്ങളിലെ വീഴ്ചകളോ കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എൻജിടി ഈ പരാതി തള്ളി. ഈ ഉത്തരവാണ് ഇപ്പോൾ സുപ്രീം കോടതിയും ശരിവെച്ചിരിക്കുന്നത്.











0 comments