തെലങ്കാന ടണൽ അപകടം: രക്ഷാപ്രവർത്തനത്തിൽ തടസം, തൊഴിലാളികൾ കുടുങ്ങിയിട്ട് 72 മണിക്കൂർ

ഹൈദരാബാദ് : തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിൽ തുരങ്കം തകർന്നതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം ദുഷ്കരമാകുന്നതായി വിവരം. വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നതിനാൽ ടണലിനകത്ത് ജലനിരപ്പ് ഉയരുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. എട്ട് തൊഴിലാളികളാണ് 72 മണിക്കൂറായി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. നിലവിൽ രക്ഷാപ്രവർത്തനം നിർത്തിവച്ചിരിക്കുന്നതായാണ് വിവരം. തുരങ്കത്തിൽ മണ്ണും ചെളിയും ഒരു മീറ്ററോളം ഉയരത്തിൽ കൂടിയിട്ടുണ്ട്.
പ്രാദേശിക രക്ഷാപ്രവർത്തകർക്ക് പുറമെ ഇന്ത്യൻ ആർമി, നേവി, നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്), സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിആർഎഫ്) തുടങ്ങിയ ഏജൻസികളും രക്ഷാ പ്രവർത്തനത്തിനുണ്ട്. ചെളിയും വെള്ളക്കെട്ടും സിമൻറ് പാളികളും പാറക്കെട്ടുകളുമെല്ലാം രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവരുമായി ഇതുവരെ ആശയവിനിമയം നടത്താൻ സാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. തുരങ്കത്തിൽ 14 കിലോമീറ്റർ ഉള്ളിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്.
രണ്ട് എൻജിനിയർമാർ ഉൾപ്പെടെ എട്ട് പേരാണെന്ന് ടണലിൽ കുടുങ്ങിക്കിടക്കുന്നത്. നാഗർകൂർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പ്രൊജക്ടിന്റെ ഭാഗമായ ടണലിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച നിർമാണപ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ചപ്പോൾ ടണലിന്റെ മുകൾഭാഗം തകർന്ന് വീഴുകയായിരുന്നു. ടണലിന്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ 51 തൊഴിലാളികൾ ടണലിലുണ്ടായിരുന്നു. ഇതിൽ43 പേരെ രക്ഷിച്ചതാി ഭരണകൂടം അറിയിച്ചു. ചില തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. ഫെബ്രുവരി 18നാണ് ടണൽ തുറന്ന് പ്രവർത്തനം ആരംഭിച്ചത്.











0 comments