തെലങ്കാന തുരങ്ക അപകടം: ആറ് ദിവസം കഴിഞ്ഞിട്ടും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനായില്ല

PHOTO CREDIT: X
ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകർണൂലിൽ ശ്രീശൈലം തുരങ്കം ഇടിഞ്ഞ് കുടുങ്ങിയവരെ ആറുദിവസം കഴിഞ്ഞിട്ടും രക്ഷിക്കാനായില്ല. രണ്ട് എൻജിനിയറുൾപ്പെടെ ഏട്ടുപേരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. അഞ്ഞൂറോളം പേരാണ് രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നത്. കുടുങ്ങി കിടക്കുന്നവരിലേക്ക് എത്താനുള്ള തടസ്സം നീക്കിയെങ്കിലും തുടർന്നും മണ്ണിടിച്ചിലുണ്ടാകുന്നതാണ് പ്രതിസന്ധി.
ഫെബ്രുവരി 22 രാവിലെയാണ് ഏട്ടുപേർ തുരങ്കത്തിൽ കുടുങ്ങിയത്. വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നതിനാൽ ടണലിനകത്ത് ജലനിരപ്പ് ഉയരുന്നതാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായിരുന്നത്. തുരങ്കത്തിൽ മണ്ണും ചെളിയും ഒരു മീറ്ററോളം ഉയരത്തിൽ കൂടിയിട്ടുണ്ട്. സിമന്റ് പാളികളും പാറക്കെട്ടുകളുമെല്ലാം രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. തുരങ്കത്തിൽ 14 കിലോമീറ്റർ ഉള്ളിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. തൊഴിലാളികൾ കുടുങ്ങിയ സ്ഥലത്തിന് തൊട്ടടുത്ത് വരെ രക്ഷാപ്രവർത്തകരെത്തിയെങ്കിലും അവസാനത്തെ 50 മീറ്ററിൽ മണ്ണും ചെളിയും നിറഞ്ഞിരിക്കുകയാണ്. ഇത് നീക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 200 ടൺ അവശിഷ്ടങ്ങളും ചളിയും നീക്കം ചെയ്യുക വെല്ലുവിളിയാണ്.
ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ സംഘവും വിവിധ ഏജൻസികളുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇന്ത്യൻ ആർമി, നേവി, നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻഡിആർഎഫ്), സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിആർഎഫ്) തുടങ്ങിയ ഏജൻസികളും രക്ഷാ പ്രവർത്തനത്തിനുണ്ട്. സാഹചര്യം പരിശോധിക്കാൻ നാഷണൽ സെന്റർ ഒഫ് സീസ്‌മോളജിയുടെ സഹായം തെലങ്കാന സർക്കാർ തേടി. തുരങ്കനിർമാണത്തിൽ വിദഗ്ധരായ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെയും സേവനം തേടി.
രണ്ട് എൻജിനിയർമാർ ഉൾപ്പെടെ എട്ട് പേരാണെന്ന് ടണലിൽ കുടുങ്ങിക്കിടക്കുന്നത്. നാഗർകൂർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പ്രൊജക്ടിന്റെ ഭാഗമായ ടണലിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച നിർമാണപ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ടണലിൽ പ്രവേശിച്ചപ്പോൾ ടണലിന്റെ മുകൾഭാഗം തകർന്ന് വീഴുകയായിരുന്നു. ടണലിന്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോൾ 51 തൊഴിലാളികൾ ടണലിലുണ്ടായിരുന്നു. ഇതിൽ43 പേരെ രക്ഷിച്ചതായി ഭരണകൂടം അറിയിച്ചിരുന്നു. ചില തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. ഫെബ്രുവരി 18നാണ് ടണൽ തുറന്ന് പ്രവർത്തനം ആരംഭിച്ചത്. അതിനിടെ മുഴുവൻ രക്ഷാപ്രവർത്തനവും രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് തെലങ്കാന ജലസേചന മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.











0 comments