തെലുഗു പഠനം നിർബന്ധമാക്കി തെലങ്കാന സർക്കാർ: സിബിഎസ്ഇ ഉൾപ്പെടെയുള്ള സ്കൂളുകൾക്ക് ബാധകം

ഹൈദരാബാദ് : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും തെലുഗു നിർബന്ധമാക്കി തെലങ്കാന സർക്കാർ. സംസ്ഥാനത്തുള്ള എല്ലാ സ്കൂളുകളിലും ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിൽ തെലുഗു നിർബന്ധമായും പഠിപ്പിച്ചിരിക്കണമെന്നാണ് രേവന്ത് റെഡ്ഡി സർക്കാർ അറിയിച്ചത്. സ്റ്റേറ്റ് ബോർഡിനു പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ, ഐബി എന്നിവയ്ക്കെല്ലാം നിയമം ബാധകമാണ്.
പഠനം എളുപ്പമാക്കുന്നതിനായി 9, 10 ക്ലാസുകളിലുള്ള വിദ്യാർഥികൾ സ്റ്റാൻഡേർഡ് തെലുഗുവിന് (സിംഗിഡി) പകരം സിമ്പിൾ തെലുഗു (വെന്നേല ) പഠിച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാതൃഭാഷ തെലുഗു അല്ലാത്ത കുട്ടികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾക്കും പഠനം എളുപ്പമാക്കുന്ന തരത്തിലാണ് പാഠപുസ്തകങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2025-26 അക്കാദമിക് വർഷം മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. 2018ൽ തന്നെ സ്കൂളുകളിൽ തെലുഗു പഠനം നിർബന്ധമാക്കാനുള്ള തീരുമാനം വന്നിരുന്നുവെങ്കിലും ബിആർഎസ് സർക്കാർ പൂർണമായി നടപ്പാക്കിയിരുന്നില്ല. സ്കൂൾ അധികൃതരുമായി ചർച്ച നടത്തിയതിനു ശേഷമാണ് തീരുമാനം നടപ്പിലാക്കുന്നതെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.
മുമ്പ് കർണാടക സർക്കാരും സ്കൂളുകളിൽ കന്നട പഠനം നിർബന്ധമാക്കിയിരുന്നു. കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് തമിഴ്നാടും രംഗത്തെത്തിയിരുന്നു. ഹിന്ദി പഠിക്കണമെന്നത് നിർബന്ധമാക്കിയതിനെ എതിർക്കുന്നുവെന്നും കുട്ടികൾക്ക് പഠിക്കാൻ താൽപര്യമുള്ള ഭാഷ പഠനത്തിനായി തെരഞ്ഞെടുക്കാൻ അനുവദിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.









0 comments