ad
Deshabhimani

16 കോടിയുടെ സൈബർ തട്ടിപ്പ്: സിഎ വിദ്യാർത്ഥികളും എംബിഎക്കാരും അടങ്ങുന്ന സംഘം പിടിയിൽ

...
വെബ് ഡെസ്ക്

Published on Jan 28, 2026, 10:43 AM | 1 min read

ഹൈദരാബാദ്: വൻകിട സൈബർ തട്ടിപ്പ് ശൃംഖലയെ തകർത്ത് തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ. ഹൈദരാബാദ് സ്വദേശികളിൽ നിന്നായി 16 കോടി രൂപയോളം തട്ടിയെടുത്ത സംഘത്തിലെ ആറ് പേരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.


കേരളം, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്. കേരളത്തിൽ നടന്ന റെയ്ഡിൽ മൂന്ന് മലയാളികളെ കൂടാതെ ബെംഗളൂരുവിൽ നിന്ന് സിഎ, എംബിഎ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്.


ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കളാണ് അന്താരാഷ്ട്ര സൈബർ ക്രിമിനൽ സംഘങ്ങൾക്കായി 'മ്യൂൾ' അക്കൗണ്ടുകൾ (പണം കൈമാറാനുള്ള വ്യാജ അക്കൗണ്ടുകൾ) ഒരുക്കി നൽകിയിരുന്നത്. 'ഡിജിറ്റൽ അറസ്റ്റ്' എന്നറിയപ്പെടുന്ന നൂതനമായ രീതിയിലൂടെയാണ് സംഘം പ്രധാനമായും പണം തട്ടിയത്.


സിബിഐ, ആർബിഐ ഉദ്യോഗസ്ഥരാണെന്ന് ചമഞ്ഞ് വാട്സാപ്പ്, സ്കൈപ്പ് കോളുകളിലൂടെ ഇരകളെ ബന്ധപ്പെടുകയും അവർ ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുകയുമാണ് ചെയ്യുന്നത്. തുടർന്ന് 'അറസ്റ്റ്' ഒഴിവാക്കാൻ എന്ന വ്യാജേന വലിയ തുകകൾ വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറാൻ പ്രേരിപ്പിക്കും.


ഹൈദരാബാദിലെ ഒരു മുതിർന്ന പൗരനിൽ നിന്ന് 5.66 കോടി രൂപ തട്ടിയെടുത്തു. വ്യാജ ഐപിഒ, ഓൺലൈൻ ട്രേഡിംഗ് വാഗ്ദാനങ്ങളിലൂടെ 3.40 കോടി രൂപയുടെ തട്ടിപ്പ് നടത്തി. കൊറിയർ സർവീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന 7.12 കോടി രൂപയുടെ തട്ടിപ്പ് എന്നിങ്ങനെ നീളുന്നു സംഘത്തിന്റെ തട്ടിപ്പുകൾ.


സ്വന്തം ബിസിനസ്സുകളിൽ നഷ്ടം സംഭവിച്ചവരും എളുപ്പത്തിൽ പണമുണ്ടാക്കാൻ ആഗ്രഹിച്ചവരുമാണ് തട്ടിപ്പിന്റെ ഭാഗമായതെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുള്ള പ്രധാന പ്രതികൾക്ക് തട്ടിപ്പ് പണം കൈമാറുന്നതിനായി സ്വന്തം കമ്പനികളുടെയോ വ്യക്തിപരമായോ ഉള്ള ബാങ്ക് അക്കൗണ്ടുകൾ ഇവർ വിട്ടുനൽകുകയായിരുന്നു.


ഇതിന് പകരമായി വൻ തുക കമ്മീഷനായി ഇവർ കൈപ്പറ്റിയിരുന്നതായും തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ ഡയറക്ടർ ശിഖ ഗോയൽ അറിയിച്ചു. പ്രതികളിൽ നിന്ന് നിരവധി മൊബൈൽ ഫോണുകളും ബാങ്ക് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.


കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും അജ്ഞാതരായ ആളുകൾക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home