ടിസിഎസ് വിവാദം: നിദാ ഖാൻ പിടിയിൽ, അറസ്റ്റിലാകുന്നത് 25 ദിവസത്തിന് ശേഷം

നിദാ ഖാൻ
മുംബൈ: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൽട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് യൂണിറ്റിൽ വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രധാന പ്രതിയായ നിദാ ഖാൻ അറസ്റ്റിലായി. സസ്‌പെൻഡ് ചെയ്യപ്പെട്ട ടിസിഎസ് ജീവനക്കാരിയായ ഇവർ 25 ദിവസത്തോളമായി ഒളിവിൽ കഴിയുകയായിരുന്നു. ഛത്രപതി സംഭാജി നഗറിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.
നിദ ഖാൻ ഗർഭിണിയാണെന്നും അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ട് കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെയാണ് നടപടി. 18നും 25നും ഇടയിൽ പ്രായമുള്ള വനിതാ ജീവനക്കാരാണ് സഹപ്രവർത്തകർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. അനാവശ്യമായ സ്പർശനം, അശ്ലീല പരാമർശങ്ങൾ, വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനം എന്നിവയ്ക്ക് പുറമെ ഇസ്‌ലാം മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുക, ഹിജാബും ബുർഖയും ധരിക്കാൻ നിർബന്ധിക്കുക, നമസ്‌കാരം നടത്താൻ പ്രേരിപ്പിക്കുക, ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും അപമാനിക്കുക തുടങ്ങിയവയും നടന്നതായി പരാതിയിൽ പറയുന്നു.
പ്രതികൾക്കെതിരെ പരാതി നൽകുന്നതിൽ നിന്ന് ജീവനക്കാരെ നിദ ഖാൻ പിന്തിരിപ്പിച്ചതായും ഇരകളുടെ സുപ്രധാന രേഖകൾ മറ്റ് പ്രതികൾക്ക് കൈമാറിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ ഗൗരവം പരിഗണിച്ച് നാസിക് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) ആണ് കേസ് അന്വേഷിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായും സംശയമുണ്ട്. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ തുടങ്ങി നിരവധി പേർക്കെതിരെ ഇതിനോടകം ഒമ്പതോളം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, കമ്പനിയുടെ ആഭ്യന്തര സമിതികളിൽ ഇത്തരം പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് ടിസിഎസിന്റെ വിശദീകരണം. നിദ ഖാൻ എച്ച്ആർ വിഭാഗത്തിലോ നേതൃസ്ഥാനത്തോ ഉള്ള വ്യക്തിയല്ലെന്നും കമ്പനി വ്യക്തമാക്കി. എങ്കിലും വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്താനായി കമ്പനി സ്വതന്ത്ര വിദഗ്ധരടങ്ങുന്ന മേൽനോട്ട സമിതിയെ നിയോഗിച്ചു. തൊഴിലിടങ്ങളിലെ സുരക്ഷയെയും മൗലികാവകാശങ്ങളെയും സംബന്ധിച്ച വലിയ ചർച്ചകൾക്കാണ് ഈ സംഭവം മഹാരാഷ്ട്രയിൽ വഴിയൊരുക്കിയിരിക്കുന്നത്.










0 comments