print edition ഇനിയും എത്രപേർ മരിക്കണം ?

കോൺഫിഡന്റ് ഗ്രൂപ്പ് സി ജെ റോയിയുടെ മരണത്തിന് പിന്നാലെ രാജ്യത്തെ ‘ടാക്‌സ് ടെററിസം’ (നികുതി ഭീകരത) സംബന്ധിച്ച ചർച്ച വീണ്ടും സജീവമായി. തന്റെ ഭരണത്തിന് കീഴിൽ രാജ്യത്ത് ‘നികുതി ഭീകരത’ യ്‌ക്ക് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്പ് അവകാശപ്പെട്ടിരുന്നു. എന്നാൽ, റോയിയുടെ ദുരന്തത്തിന് പിന്നാലെ രാജ്യത്ത് നികുതി ഭീകരത നടമാടുകയാണെന്ന് ചൂണ്ടിക്കാണിച്ച് മോദിഭക്തർ തന്നെ രംഗത്തെത്തി.
‘നികുതിദായകരുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നാക്രമണം ചെറുക്കാൻ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്ന’ പ്രമുഖ വ്യവസായി ടി വി മോഹൻദാസ് പൈയുടെ പ്രതികരണം ഉദാഹരണം. ‘റെയ്‌ഡുമായി ബന്ധപ്പെട്ട മുഴുവൻ നടപടിയും നിഷ്‌ഠുരമാണ്. ഇത്തരം ഉദ്യോഗസ്ഥർക്ക് നമ്മുടെ ധനമന്ത്രി കൂടുതൽ കൂടുതൽ അധികാരം പതിച്ചുനൽകുകയാണ്. ഇങ്ങനെ പോയാൽ പൗരരുടെ അവകാശം ആര് സംരക്ഷിക്കും. തെറ്റായ റെയ്‌ഡുകൾ നടത്തുന്ന ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും ശിക്ഷയുണ്ടോ? കഴിഞ്ഞ മൂന്നുവർഷത്തിൽ പ്രത്യക്ഷ നികുതി ഇനത്തിൽ 72 ലക്ഷം കോടി പിരിച്ചതായാണ് കണക്ക്. എന്നാൽ, റെയ്‌ഡുകളിലൂടെ സമാഹരിച്ച തുകയ്‌ക്ക് വല്ല കണക്കുമുണ്ടോ? ധനമന്ത്രാലയം ഉത്തരം പറയണം’ –മോഹൻദാസ് പൈ ആവശ്യപ്പെട്ടു.
മോദിയെയും കേന്ദ്രസർക്കാരിനെയും പുകഴ്‌ത്താനുള്ള ഒരവസരവും നഷ്‌ടപ്പെടുത്താത്ത പത്മശ്രീ ജേതാവ് കൂടിയായ മോഹൻദാസ് പൈയെ പോലെയുള്ളവർ രൂക്ഷവിമർശവുമായി രംഗത്തിറങ്ങാൻ നിർബന്ധിതരായതിന് ഒരർഥമേയുള്ളൂ – രാജ്യത്തെ വ്യവസായ സമൂഹം നികുതി ഭീകരതയുടെ കരിനിഴലിലാണ്. വി ജെ സിദ്ധാർഥയെയും സി ജെ റോയിയെയും പോലെ ഇനിയും എത്രപേർ ബലിയാടുകളാകേണ്ടി വരുമെന്ന ആശങ്കയിലാണവർ. രാജ്യത്തെ ഒരു വ്യവസായപ്രമുഖന്റെ ദുരൂഹമരണമുണ്ടായി ദിവസങ്ങൾ പിന്നിട്ടിട്ടും കേന്ദ്രസർക്കാരിൽനിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
ഗുജറാത്ത് മോഡൽ പിടിച്ചുപറി
മോദിയും ഷായും ഗുജറാത്ത് ഭരിച്ചിരുന്ന കാലത്ത് വ്യവസായികളെയും ബിൽഡർമാരെയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന റാക്കറ്റ് അവിടെ സജീവമായിരുന്നെന്ന് സിബിഐ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സൊഹ്‌റാബുദീൻ ഷെയ്‌ഖ് വ്യാജഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് സിബിഐ പ്രത്യേകകോടതിയിൽ സമർപ്പിച്ച കുറ്റപത്രങ്ങളിൽ ഇതുസംബന്ധിച്ച പരാമർശമുണ്ട്. ഗുജറാത്ത് പൊലീസിലെ ഉന്നതഉദ്യോഗസ്ഥർ അവിടുത്തെ ചില ക്രിമിനലുകളെ കരുക്കളാക്കി വ്യവസായികളെയും മറ്റും വിരട്ടി പണം തട്ടിയിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ളത്. ഇതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് ‘രാഷ്‌ട്രീയ യജമാനൻമാരുടെ’ പിന്തുണയും ഒത്താശയും ഉണ്ടായിരുന്നെന്നും സിബിഐ ആരോപിച്ചു. വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഗുജറാത്തിലെ ‘രാഷ്ട്രീയ യജമാനൻമാർ’ രാജ്യം ഭരിക്കുന്പോൾ വിവിധ ഏജൻസികളെ കരുക്കളാക്കി വ്യവസായികളെ വിരട്ടി കോടികൾ പിരിക്കുകയാണോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇലക്‌ടറൽ ബോണ്ടിലൂടെയും ട്രസ്റ്റിലൂടെയും മറ്റും പാർടി ഫണ്ടിലേക്ക് ആവശ്യപ്പെട്ട കോടികൾ ഒഴുക്കിയവർക്ക് പരിരക്ഷയും അല്ലാത്തവർക്ക് കടുത്ത ദണ്ഡനങ്ങളും വിധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇൗ സാഹചര്യത്തിൽ, കേന്ദ്രസർക്കാരിന്റെ വേട്ടപ്പട്ടികളെ പോലെ പ്രവർത്തിക്കുന്ന ഏജൻസികളുടെ തേരോട്ടങ്ങളിൽ ഇനിയുമെത്ര ചോര വീഴുമെന്ന് കണ്ടറിയണം.
(അവസാനിച്ചു)
ഒഴിയാത്ത ദുരൂഹത
സി ജെ റോയിയയുടെ മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്ന വാർത്തകളാണ് ഒരോ ദിവസവും പുറത്തുവരുന്നത്. ആദായനികുതി വകുപ്പ് പരിശോധനകൾക്ക് എതിരെ കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയ ഹർജി പെട്ടെന്ന് പിൻവലിച്ചത് എന്തിനാണെന്ന കാര്യം പരിശോധിക്കണം. മരണത്തിന് തൊട്ടുമുന്പാണ് കർണാടക ഹൈക്കോടതിയിലെ ഹർജി റോയ് പിൻവലിച്ചത്. നടപടിക്രമം പാലിക്കാതെയും നിയമം ഉറപ്പുനൽകിയിട്ടുള്ള അവകാശം നിഷേധിച്ചുമുള്ള പരിശോധന നിയമവിരുദ്ധമാണെന്ന വാദമാണ് ഹർജിയിൽ പ്രധാനമായും ഉന്നയിച്ചത്.
ഡിസംബർ 16ന് ഹർജി ഹൈക്കോടതി പരിഗണനയ്‌ക്ക് എടുത്തപ്പോൾ ആദായനികുതി വകുപ്പ് കൂടുതൽ സാവകാശം തേടി. തുടർന്ന്, ഡിസംബർ 18ലേക്ക് കേസ് മാറ്റി. ഡിസംബർ 18ന് പരിഗണിക്കുന്നതിന് മുന്പ് റോയ് നാടകീയമായി ഹർജി പിൻവലിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണോ സമ്മർദത്തെ തുടർന്നാണോ ഇതെന്ന് വ്യക്തമല്ല. രാഷ്‌ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട സാന്പത്തിക ഇടപാടുകളാണ് റോയിയെ ആദായനികുതി വകുപ്പിന്റെ റഡാറിൽ ആക്കിയതെന്ന് വാർത്തകളുണ്ട്. ഇൗ സാഹചര്യത്തിൽ റോയിക്ക് എതിരായ നീക്കങ്ങൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ രാഷ്‌ട്രീയബന്ധവും കാരണമായേക്കാം.
രാജ്യത്തെ ഒരോ വ്യവസായികളും ഏതെല്ലാം പാർടികൾക്ക് സംഭാവനകളും സഹായങ്ങളും നൽകുന്നുണ്ടെന്ന് കേന്ദ്രസർക്കാരും ബിജെപിയും സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് കോൺഗ്രസിന് അംബാനിയിൽനിന്ന് വൻ ഇലക്ഷൻഫണ്ട് കിട്ടിയിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന വലിയ ചർച്ചയായിരുന്നു. ‘അദാനിയും അംബാനിയും നിങ്ങൾക്ക് നല്ലരീതിയിൽ ഫണ്ടെത്തിക്കുന്നുണ്ടെന്ന് അറിയാം. എത്ര വണ്ടികളിലാണ് അവർ നിങ്ങൾക്ക് കാശ് എത്തിച്ചത്? എന്താണ് നിങ്ങൾ അവരുമായുണ്ടാക്കിയ ഡീൽ?’–തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി ചോദിച്ചു.









0 comments