print edition നികുതി വരുമാനമിടിഞ്ഞു; പ്രതിസന്ധിയിൽ കേന്ദ്രം


സ്വന്തം ലേഖകൻ
Published on Jan 04, 2026, 12:15 AM | 1 min read
ന്യൂഡൽഹി: ജിഎസ്‌ടി വരുമാനത്തിലെ പ്രതീക്ഷിത വളർച്ച ഇടിഞ്ഞതും കസ്‌റ്റംസ് നികുതിസമാഹരണത്തിൽ വന്ന ഇടിവും സാമ്പത്തിക വർഷത്തിന്റെ അവസാന ഘട്ടത്തിൽ കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കുന്നു. സിഎജി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 ഏപ്രിൽ– നവംബർ കാലയളവിൽ കസ്‌റ്റംസ് തീരുവ സമാഹരണത്തിൽ 7.3 ശതമാനത്തിന്റെ ഇടിവുണ്ടായി. മുൻവർഷം ഇതേ കാലയളവിൽ 1.54 ലക്ഷം കോടി രൂപ സമാഹരിച്ച സ്ഥാനത്ത് 2025ൽ 1.43 ലക്ഷം കോടി മാത്രമാണ് കസ്‌റ്റംസ് തീരുവയിനത്തിൽ ലഭിച്ചത്. 11000 കോടി രൂപയുടെ കുറവുണ്ടായി.
ജിഎസ്‌ടി സമാഹരണവും ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ അടുത്തെത്തിയിട്ടില്ല. സിജിഎസ്‌ടി സമാഹരണത്തിൽ 10.9 ശതമാനത്തിന്റെ വർധനവാണ് ബജറ്റിൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 5.4 ശതമാനം മാത്രമാണ് 2025 ഏപ്രിൽ– നവംബർ കാലയളവിലുണ്ടായ വർധനവ്. കസ്‌റ്റംസ് തീരുവ സമാഹരണത്തിൽ 2.13 ശതമാനത്തിന്റെ വർധനവ് ബജറ്റിൽ ലക്ഷ്യമിട്ടിരുന്നു. എന്നാൽ വളർച്ചയ്‌ക്ക് പകരം കസ്‌റ്റംസ് നികുതിസമാഹരണം 7.3 ശതമാനം ഇടിഞ്ഞു.
എക്‌സൈസ് തീരുവയിനത്തിലെ വരവിൽ കുതിപ്പുണ്ടായത് മാത്രമാണ് സർക്കാരിന് ആശ്വസിക്കാവുന്ന ഘടകം. ബജറ്റിൽ 3.9 ശതമാനം വർധന പ്രതീക്ഷിച്ചപ്പോൾ 2025 ഏപ്രിൽ– നവംബറിൽ എക്‌സൈസ് തീരുവ സമാഹരണത്തിൽ 9.25 ശതമാനത്തിന്റെ വർധനയുണ്ടായി. ഏപ്രിലിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്‌സൈസ് തീരുവ നിരക്ക് വർധിപ്പിച്ചതാണ് വരുമാന വർധനവിന് വഴിവെച്ചത്.










0 comments