എം കെ സ്റ്റാലിനെ സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എം കെ സ്റ്റാലിന്‍, ഉദയനിധി സ്റ്റാലിൻ എന്നിവര്‍ക്കൊപ്പം വിജയ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി സി ജോസഫ് വിജയ്. ചെന്നൈ അൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സ്റ്റാലിനുമായി നടത്തുന്ന വിജയ്‌യുടെ ആദ്യ സന്ദർശനമാണിത്. തീര്‍ത്തും സൗഹാര്‍ദ്ദപരമായ സന്ദര്‍ശനമാണെന്നാണ് ഇരുവിഭാഗവും വിശേഷിപ്പിച്ചത്.
ആൽവാർപേട്ടിലെ വസതിയിലെത്തിയ മുഖ്യമന്ത്രി വിജയ്‌യെ എം കെ സ്റ്റാലിനും മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനും ചേർന്ന് സ്വീകരിച്ചു. വസതിയിലെത്തിയ വിജയ്‌യെ ഉദയനിധി ഹസ്തദാനം നൽകി ആലിംഗനം ചെയ്താണ് വരവേറ്റത്. തുടർന്ന് എം കെ സ്റ്റാലിനും വിജയ്‌യെ ആലിംഗനം ചെയ്ത് സ്വീകരിച്ചു. ഇരുനേതാക്കളും പരസ്പരം പൊന്നാടയണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും ആദരവ് പ്രകടിപ്പിച്ചു.
ഏപ്രിൽ 23-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെയും വിജയ്‌യുടെ ടിവികെയും തമ്മിൽ കടുത്ത രാഷ്ട്രീയ പോരാട്ടവും വാക്പോരുകളും തമിഴ്നാട്ടിൽ നടന്നിരുന്നു. ഇതിനുശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ച ഏറെ താല്പര്യത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കിക്കാണുന്നത്.
നേരത്തെ പുതിയ മന്ത്രിസഭ അധികാരമേറ്റയുടൻ ഒപ്പുവെച്ച സുപ്രധാന തീരുമാനങ്ങളെ സ്റ്റാലിൻ സ്വാഗതം ചെയ്യുകയും വിജയ്‌ക്ക് ആശംസകൾ നേരുകയും ചെയ്തിരുന്നു. ഇതിനൊപ്പം തന്നെ മുൻ ഭരണകൂടം വലിയ കടബാധ്യത വരുത്തിവച്ചു എന്ന വിജയ്‌യുടെ പ്രസ്താവനകളെ തിരുത്തിയിരുന്നു സ്റ്റാലിൻ. സംസ്ഥാനത്തിന് ആവശ്യത്തിന് പണമുണ്ടെന്നും മികച്ച ഭരണവും ജനങ്ങൾക്ക് നൽകാനുള്ള മനസ്സുമാണ് ഇപ്പോൾ വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തമിഴ്‌നാടിന്റെ വികസന മാതൃകകളും ജനക്ഷേമ പദ്ധതികളും പുതിയ സർക്കാർ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സ്റ്റാലിൻ വ്യക്തമാക്കി.










0 comments