തമിഴ്നാട് വിധിയെഴുതുന്നു: കനത്ത പോളിങ്, ഇതുവരെ രേഖപ്പെടുത്തിയത് 70% വോട്ടുകൾ

Photo credit: Chief Electoral Officer Tamil Nadu X
ചെന്നൈ: ആവേശകരമായ പ്രചാരണത്തിനുശേഷം തമിഴ്‌നാട് ഇന്ന് ബൂത്തിലേക്ക്. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ ജനവിധി ഇന്ന് രേഖപ്പെടുത്തും. വ്യാഴാഴ്ച രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. പല മണ്ഡലങ്ങളിലും വോട്ടർമാരുടെ നീണ്ട നിരപ്രത്യക്ഷമാണ്. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഇവിടെ 5.67 കോടി വോട്ടമാരുമാണുള്ളത്. സംസ്ഥാനത്തുടനീളം 33,133 സ്ഥലങ്ങളിലായി 75,064 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.
മൊത്തം 4,023 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യവും എഐഎഡിഎംകെ–ബിജെപി സഖ്യവും നടൻ വിജയ്‌യുടെ ടിവികെയും തമ്മിലാണ് പ്രധാന പോരാട്ടം. പഴനി, പത്മനാഭപുരം, ഗന്ധർവക്കോട്ടൈ, കീഴ്‌വേലൂർ, തിരുവൊട്രിയൂർ എന്നിവിടങ്ങളിൽ സിപിഐ എം സ്ഥാനാർഥികൾ മത്സരിക്കുന്നു. വികസനത്തുടർച്ചയ്‌ക്ക് വോട്ട് ചോദിക്കുന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തിന് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും വൻ മേൽക്കൈ ദൃശ്യമായിരുന്നു.
ഈറോഡ് ജില്ലയിലുടനീളം എട്ട് പോളിംഗ് സ്റ്റേഷനുകൾ പൂർണ്ണമായും സ്ത്രീകളാണ് നിയന്ത്രിക്കുന്നത്. ഈറോഡ് വെസ്റ്റ് മണ്ഡലത്തിൽ ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന ഒരു പോളിംഗ് സ്റ്റേഷൻ സജ്ജീകരിച്ചിട്ടുണ്ട്. ഈറോഡ് ഈസ്റ്റിൽ യുവ വോട്ടർമാർക്കായി പ്രത്യേക ബൂത്ത് സ്ഥാപിച്ചു. കുന്നിൻ പ്രദേശങ്ങളായ കാളിത്തിമ്പം, അരെപാളയം, താമരൈക്കറൈ എന്നീ ബൂത്തുകളിൽ പരിസ്ഥിതി സൗഹൃദമായാണ് ഒരുക്കിയിട്ടുള്ളത്.
സമാധാനപരമായ വോട്ടെടുപ്പിനായി 83,875 സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. കേന്ദ്ര സായുധ പോലീസ് സേനയുടെ (CAPF) 300 കമ്പനികളെയും കാവലിനായി നിയോഗിച്ചിട്ടുണ്ട്.
വൈകുന്നേരം 3 ഓടെ തമിഴ്‌നാട്ടിലെ 70% വോട്ടർമാരും വോട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരന് കുത്തേറ്റു. കുറ്റാലം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ വിഘ്‌നേഷ് ആണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ കഴുത്തിലും കൈകളിലും മാരകമായി പരിക്കേറ്റു.
കാട്ടുചേരി സ്വദേശിയും വിരമിച്ച സൈനികനുമായ പ്രഭാകരൻ ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മയിലാടുതുറൈ ജില്ലയിലെ പൂമ്പുഹാർ മണ്ഡലത്തിൽ വോട്ടെടുപ്പിനിടെയാണ് സംഭവം.
പ്രഭാകരന് വിഘ്‌നേഷിനോടുള്ള വ്യക്തിപരമായ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. മുൻപും ഇയാൾ സമാന രീതിയിൽ പൊലീസുകാരെ ആക്രമിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് പൂമ്പുഹാർ മണ്ഡലത്തിലെ ഈ പോളിങ് ബൂത്തിൽ വോട്ടെടുപ്പ് അൽപ്പനേരം തടസപ്പെട്ടു.
തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് സമാധാനപരം. സുരക്ഷാ ക്രമീകരണങ്ങൾ ഫലം കണ്ടെന്ന് ചെന്നൈ സിറ്റി പൊലീസ് കമീഷണർ.
ഉച്ചയ്ക്ക് 1 വരെ 56.8 ശതമാനം പോളിങ് രേഖപ്പെടുത്തി.
തമിഴ്നാട്ടിൽ പകൽ 11 വരെ 37.6% പോളിങ് രേഖപ്പെടുത്തി.
ചെന്നൈ ജിഎസ്ടി റോഡിലെ കനത്ത ഗതാഗതക്കുരുക്ക് വോട്ടർമാരെ വലച്ചു. വോട്ടെടുപ്പ് ദിനത്തിൽ ട്രാഫിക് ബ്ലോക്ക് കാരണം പലരും പോളിങ് ബൂത്തുകളിൽ വൈകി എത്തുന്നതായി പരാതി.
സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി.
Photo: ANI
മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ബോഡിനായ്ക്കന്നൂർ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥിയുമായ ഒ പനീർസെൽവം പെരിയകുളത്ത് വോട്ട് രേഖപ്പെടുത്തി.
നടൻ ധനുഷ് ചെന്നൈയിൽ വോട്ട് ചെയ്തു.
തമിഴ്‌നാട്ടിൽ രാവിലെ 9 വരെ 17.69% പോളിങ് രേഖപ്പെടുത്തി.
കരൂർ ജില്ലയിലെ കരൂർ, അരവക്കുറിച്ചി, കുളിത്തലൈ, കൃഷ്ണരായപുരം എന്നീ നാല് മണ്ഡലങ്ങളിലും രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. ആർടി മലൈ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിവിധ ബൂത്തുകളിൽ പൊലീസിനെയും ഹോം ഗാർഡുകളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ വോട്ടെടുപ്പ് പൂർണ്ണമായും സമാധാനപരമായാണ് പുരോഗമിക്കുന്നത്. ഇതുവരെ യാതൊരുവിധ അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
മേട്ടുപ്പാളയം നിയമസഭാ മണ്ഡലത്തിലെ ബൂത്തിൽ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇവിഎം മെഷീന്റെ കൺട്രോൾ യൂണിറ്റിൽ സാങ്കേതിക തകരാർ. ജഡയംപാളയം പഞ്ചായത്തിന് കീഴിലുള്ള ദൊഡ്ഡബാവിയിലെ 162-ാം നമ്പർ ബൂത്തിലാണ് തകരാറുണ്ടായത്. ഇതോടെ ഏകദേശം രണ്ട് മണിക്കൂറോളം വോട്ടെടുപ്പ് തടസ്സപ്പെട്ടു.
രാവിലെ 7 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെടുപ്പ് തകരാർ പരിഹരിച്ച ശേഷം 9.15ഓടെയാണ് പുനരാരംഭിച്ചത്. ആദ്യ മണിക്കൂറുകളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയ വോട്ടർമാർ ബൂത്തിൽ തടിച്ചുകൂടിയിരുന്നു. വോട്ടെടുപ്പിന് മുന്നോടിയായി നടത്തിയ മോക്ക് പോളിൽ മെഷീന് തകരാറുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ കവിത അറിയിച്ചു.
നടൻ അജിത് കുമാർ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി.
പോളിങ് സമയം രണ്ട് മണിക്കൂർ കൂടി നീട്ടണമെന്നും അടിയന്തര പൊതുഗതാഗത സേവനങ്ങൾ ഏർപ്പെടുത്താൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം മേധാവി വിജയ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് കത്തെഴുതി.
നടന്മാരായ ശിവകുമാർ, ശിവകാർത്തികേയൻ എന്നിവർ വോട്ട് രേഖപ്പെടുത്തി
നടൻ ധ്രുവ് വിക്രം ചെന്നൈയിലെ പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി.
ഉപമുഖ്യമന്ത്രിയും ചെപ്പോക്കിലെ ഡിഎംകെ സ്ഥാനാർഥിയുമായ ചെന്നൈയിലെ ഒരു പോളിങ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയും കുളത്തൂരിലെ ഡിഎംകെ സ്ഥാനാർഥിയുമായ എം കെ സ്റ്റാലിൻ എസ്ഐഇടി കോളേജിൽ വോട്ട് രേഖപ്പെടുത്തി
സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ നടന്മാരായ ശശികുമാർ, ആർ ജെ ബാലാജി എന്നിവർ വോട്ട് രേഖപ്പെടുത്തി.
ചെന്നൈയിലെ സ്റ്റെല്ല മാരിസിൽ വോട്ട് രേഖപ്പെടുത്തി നടൻ രജനീകാന്ത്.
ഡിഎംകെയ്ക്ക് ഭരണ തുടർച്ചയുണ്ടാകുമെന്ന് കമൽ ഹാസൻ
നടനും രാജ്യസഭാ എംപിയുമായ കമൽഹാസനും മകൾ ശ്രുതി ഹാസനും തേനാംപേട്ടിലെ എൽഡാംസ് റോഡിലുള്ള ചെന്നൈ ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
(Photo: X)
ടിവികെ മേധാവിയും തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ മണ്ഡലങ്ങളിൽ നിന്നുള്ള സ്ഥാനാർഥിയുമായ നടൻ വിജയ് ചെന്നൈയിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി.










0 comments