വോട്ട് വിഹിതത്തിലെ കുറവ് വെറും 3.52 ശതമാനം
ശക്തമായ പ്രതിപക്ഷമായി ഡിഎംകെ തുടരും, എംകെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടികൾക്കിടയിലും ജനവിധി അംഗീകരിച്ചുകൊണ്ട് ജനപക്ഷ രാഷ്ട്രീയവുമായി ഡിഎംകെ മുന്നോട്ട് പോകുമെന്ന് പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിൻ. ശക്തമായ പ്രതിപക്ഷമെന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്കായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎംകെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തിന് പിന്തുണ നൽകിയ വോട്ടർമാർക്ക് സ്റ്റാലിൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ഓരോ വോട്ടും അമൂല്യമായ വിശ്വാസത്തിന്റെ അടയാളമാണെന്ന് വിശേഷിപ്പിച്ചു.
വോട്ട് വിഹിതം
കുറവ് വെറും 3.52 ശതമാനം മാത്രം
തന്റെ സഖ്യത്തിന് 1.54 കോടിയിലധികം വോട്ടുകൾ ലഭിച്ചതായി സ്റ്റാലിൻ ചൂണ്ടിക്കാട്ടി. എതിർപക്ഷത്തേക്കാൾ വെറും 17.43 ലക്ഷം വോട്ടുകളുടെ മാത്രം കുറവേ ഉണ്ടായിട്ടുള്ളൂ. മാത്രമല്ല വോട്ട് വിഹിതത്തിലെ വ്യത്യാസം വെറും 3.52 ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പാർട്ടിയുടെ ശക്തമായ ജനസ്വാധീനമാണ് വ്യക്തമാക്കുന്നത് എന്നും വിശദമാക്കി.
സഖ്യസാധ്യത തള്ളി വൈകോ
സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ 'നല്ല ഭരണം' കാഴ്ചവെച്ചുവെന്ന് എംഡിഎംകെ (മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം) പാര്‍ടി നേതാവ് വൈകോ പറഞ്ഞു. ജനവിധിയെ മാനിക്കുന്നതായി അറിയിച്ചു.
നടൻ വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) തങ്ങളുമായി സഖ്യത്തിന് സമീപിച്ചിട്ടില്ലെന്ന് വൈകോ വ്യക്തമാക്കി. ഭാവിയിൽ അത്തരമൊരു നീക്കം ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.











0 comments