വീണ്ടും ഒരു ഭാഷാ യുദ്ധത്തിന് തമിഴ്നാട് തയ്യാർ: എം കെ സ്റ്റാലിൻ

ചെന്നൈ : ഹിന്ദി അടിച്ചേൽപ്പിക്കാനൊരുങ്ങുന്ന കേന്ദ്ര നയത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിരോധം ശക്തമായി തുടരുന്നു. വീണ്ടും ഒരു ഭാഷായുദ്ധത്തിന് തമിഴ്നാട് തയ്യാറാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലോക്‌സഭാ അതിർത്തി നിർണയ വിഷയം ചർച്ച ചെയ്യാൻ മാർച്ച് അഞ്ചിന് സർവകക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സെക്രട്ടേറിയറ്റിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിലേക്ക് നയിച്ച കുടുംബാസൂത്രണ പദ്ധതി സംസ്ഥാനം വിജയകരമായി നടപ്പാക്കിയതിനാൽ 8 സീറ്റുകൾ നഷ്ടപ്പെടുമെന്ന ഭീഷണി തമിഴ്‌നാട് നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയ പാർട്ടികളെ സർവകക്ഷി യോഗത്തിലേക്ക് ക്ഷണിക്കുമെന്നും രാഷ്ട്രീയ ഭിന്നതകൾ മറികടന്ന് ഐക്യത്തിനായി അഭ്യർത്ഥിക്കുമെന്നും അറിയിച്ചു.
കേന്ദ്രം മറ്റൊരു ഭാഷായുദ്ധത്തിന് വിത്ത് പാകുകയാണോ എന്ന ചോദ്യത്തിന് "അതെ, തീർച്ചയായും ഞങ്ങൾ അതിന് തയ്യാറാണ്." ഭരണകക്ഷിയായ ഡിഎംകെ ത്രിഭാഷാ നയത്തെ എതിർക്കുക തന്നെയാണ്. തമിഴ്‌നാട് തമിഴിലും ഇംഗ്ലീഷിലും തൃപ്‌തമാണ്. എന്നാൽ കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ (NEP) വെളിച്ചത്തിൽ ത്രിഭാഷാ നയം, എൻഡിഎ നേതൃത്വത്തിലുള്ള കേന്ദ്രവും തമിഴ്‌നാട് സർക്കാരും തമ്മിലുള്ള തർക്കം യോഗം ചർച്ച ചെയ്യുമോ എന്ന ചോദ്യത്തിന്, എൻഇപി കേന്ദ്ര ഫണ്ട്, നീറ്റ് തുടങ്ങിയ വിഷയങ്ങളിൽ പാർലമെൻ്റിൽ ശബ്ദം ഉയർത്താൻ മതിയായ എംപിമാർ ആവശ്യമാണെന്നായിരുന്നു സ്റ്റാലിന്റെ മറുപടി.









0 comments