മണ്ഡല പുനർനിർണയം: എതിർപ്പുമായി ദക്ഷിണേന്ത്യ; തമിഴ്നാട്ടിൽ ഇന്ന് കരിങ്കൊടി പ്രതിഷേധം

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ വീടുകളിലും പൊതുയിടങ്ങളിലും കരിങ്കൊടി ഉയർത്തും.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ജനരോഷം ഇരമ്പുകയാണ്. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിൽ തമിഴ്‌നാട് മുഴുവൻ തെരുവിലിറങ്ങുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
മണ്ഡല പുനർനിർണയത്തിലൂടെ തമിഴ്നാട്ടുകാരെ രണ്ടാം നിര പൗരന്മാരാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡിഎംകെ പറഞ്ഞു. ടിവികെ അധ്യക്ഷൻ വിജയും കേന്ദ്ര നീക്കത്തിനെതിരെ രംഗത്തെത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബോധപൂർവം അരികുവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജനസംഖ്യാ നിയന്ത്രണത്തിൽ മികച്ച മാതൃക കാണിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന നടപടിയാണ് മണ്ഡല പുനർനിർണയമെന്ന വികാരമാണ് തമിഴ്‌നാട്ടിൽ ശക്തമാകുന്നത്. പാർലമെന്റ് പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ, മണ്ഡല പുനർനിർണയത്തോടൊപ്പം വനിതാ സംവരണ ബില്ലും രാഷ്ട്രീയ പോരാട്ടത്തിന് വേദിയാകും.
മണ്ഡല പുനർനിർണയത്തെയും നിലവിലെ വനിതാ സംവരണ ബില്ലിനെയും ഇന്ത്യ സഖ്യം സംയുക്തമായി എതിർക്കും. ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനുള്ള നീക്കം രാഷ്ട്രീയ അജണ്ടയാണെന്ന് പ്രതിപക്ഷം പറഞ്ഞു.
ഓരോ സംസ്ഥാനത്തും എത്ര സീറ്റുകൾ വീതം വർദ്ധിക്കുമെന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനാവശ്യ മുൻഗണന നൽകാനാണെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.










0 comments